ഹമാസ് പുറത്തുപോകൂ ; വടക്കൻ ഗാസയിൽ പലസ്തീൻ ജനതയുടെ പ്രതിഷേധം

കയ്റോ: ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹമാസിനെതിരേ തെരുവിലിറങ്ങി പലസ്തീൻ ജനത. ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ ഹമാസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു. യുദ്ധം ആരംഭിച്ചശേഷം ഗാസ ജനത ഹമാസിനെതിരേ പരസ്യപ്രതിഷേധത്തിനു മുതിരുന്നത് ആദ്യമാണ്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കു നടുവിലൂടെയുള്ള പാതയിലൂടെ പലസ്തീനികൾ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “”ഹമാസിന്റെ ഭരണം മടുത്തു, ഹമാസ് പുറത്തുപോകൂ, യുദ്ധം മതിയായി, ഭക്ഷണം വേണം, ഞങ്ങൾക്ക് സമാധാനം വേണം..” തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. സംഭവത്തിൽ ഹമാസ് ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല. വിശ്വാസവഞ്ചകരാണു പ്രതിഷേധം നടത്തിയതെന്ന് ഹമാസ് അനുകൂലികൾ പറഞ്ഞു.
ഇസ്ലാമിക് ജിഹാദ് ഭീകരവാദികൾ റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രേലി സേന ബെയ്ത് ലാഹിയയിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബെയ്ത് ലാഹിയയിൽ ഹമാസ് വിരുദ്ധ പ്രകടനങ്ങളുണ്ടായത്. 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനോട് പലസ്തീനികൾക്കുള്ള എതിർപ്പ് യുദ്ധമാരംഭിച്ചശേഷം ശക്തിപ്പെട്ടുവെന്നാണു റിപ്പോർട്ട്. പലസ്തീനികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ലഭിക്കുന്ന പണം ഹമാസ് ഭീകരർ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ ഗാസയിലുടനീളം തുരങ്കം നിർമിക്കാനും ആഡംബര ജീവിതത്തിനുമായാണ് ഉപയോഗിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിരുന്നു. യുദ്ധത്തിനിടെ ഹമാസ് ഭീകരർ സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കുന്ന സംഭവങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പുറമെ മാസങ്ങളായി തുടരുന്ന യുദ്ധം ഗാസയെ നിത്യനരകമായി മാറ്റുകയും ജീവിതം ദുരിതപൂർണമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ജനം ഹമാസ് ഭീകരർക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.
Source link