LATEST NEWS

‘നിയമസഭയിലെ ശുചിമുറിക്ക് മുന്നിലും സല്യൂട്ട്, സെക്രട്ടേറിയറ്റിൽ പടക്കം പോലെ’; നിർത്തലാക്കണമെന്ന് എംഎൽ‌എ


തിരുവനന്തപുരം ∙ പൊലീസ് സല്യൂട്ട് നിർ‌ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ഇന്നലെ എം. വിൻസെന്റ് എംഎൽഎ നൽകിയ സബ്മിഷൻ അംഗങ്ങൾക്കിടയിൽ കൗതുകവും ശ്രദ്ധാ കേന്ദ്രവുമായി. സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും കിട്ടുന്ന സല്യൂട്ട് പോകുമോയെന്നായിരുന്നു പലരുടെയും ചിന്ത. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു വിൻസെന്റ് സബ്മിഷൻ നൽകിയത്. സല്യൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നുവെന്നും സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സല്യൂട്ടിനു പകരം പരസ്പരം നമസ്കാരം പറയുകയോ കൈയുയർത്തി പരസ്പരം അഭിവാദ്യം ചെയ്യുകയോ ചെയ്യാമെന്നും ആയിരുന്നു സഭയിൽ അദ്ദേഹത്തിന്റെ നിർദേശം. എങ്ങനെയാണ് ഇത്തരമൊരു ചിന്തയിലേക്ക് എത്തിയത് ? സല്യൂട്ട് നിരോധിക്കുന്നത് പ്രായോഗികമാണോ ? ചോദ്യങ്ങൾക്ക് എം. വിൻസെന്റ് തന്നെ മനോരമ ഓൺലൈനോട് സംസാരിക്കുന്നു…∙ സല്യൂട്ട് നിർ‌ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷൻ കൊടുത്തതിനു പിന്നിലെ കാരണമെന്തായിരുന്നു ? വളരെ കാലമായി ആലോചിച്ച ശേഷം കൊടുത്തൊരു സബ്മിഷനാണിത്. ആദ്യമായി നിയമസഭ അംഗമായി എത്തിയപ്പോഴാണ് ഈ കൂട്ട സല്യൂട്ട് അടി കിട്ടിയത്. ഈ സല്യൂട്ടുകൾക്കു പിന്നിലെ കാരണമെന്തെന്നു മനസിലാകുന്നില്ല. സല്യൂട്ടിനെപ്പറ്റി ചോദിക്കുമ്പോൾ വേണമെന്ന് പറയുന്നവർ എന്തിനു വേണമെന്ന് പറയുന്നില്ല. ഒരു മനുഷ്യൻ‌ മറ്റൊരു മനുഷ്യനെ അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്യുന്നത് അപരിഷ്കൃതമായ നടപടിയാണ്. പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല ഇത്. സല്യൂട്ട് കിട്ടുമ്പോൾ ഞങ്ങൾ എന്തോ വലിയൊരു സംഭവമാണ് എന്ന ധാരണയാണ് ജനപ്രതിനിധികൾക്ക്. സല്യൂട്ട് കിട്ടാത്തതിന്റെ പേരിൽ ബഹളമുണ്ടാക്കിയവരാണ് സുരേഷ് ഗോപിയും തൃശൂർ മേയറും. റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരൻ ഒരു മന്ത്രിയുടെയോ എംഎൽഎയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ വാഹനം കണ്ടാൽ ഉടൻ സല്യൂട്ട് അടിക്കാൻ അറ്റൻഷനായി നിൽക്കുകയാണ്. കയ്യ് ഉയർത്തി അഭിവാദ്യം ചെയ്യാം, നമസ്കാരം പറയാം, അതൊക്കെയാണ് സാധാരണ രീതി. അതിൽനിന്നു മാറി എന്തിനാണ് സല്യൂട്ട് ? സല്യൂട്ടിന്റെ ഗുണം എന്താണെന്ന് ആർക്കും അറിയില്ല.∙ ഒരു ദിവസം എത്ര സല്യൂട്ട് കിട്ടും? നിയമസഭയിൽ ആണെങ്കിൽ മെയിൻ ഗെയ്റ്റ് തൊട്ട് സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുമ്പോഴും സല്യൂട്ട് കിട്ടും. ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത സല്യൂട്ട് വരും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാന്റീനിലും ഒക്കെ സല്യൂട്ട് ഉണ്ട്. ശുചിമുറിക്കു മുന്നിൽ വരെ സല്യൂട്ട് അടിക്കാൻ ആളുണ്ട്. ഇവർ നിന്ന് തളരുമ്പോൾ ആയിരിക്കും നമ്മൾ കയറി വരുന്നത്. അപ്പോൾ ചാടി എഴുന്നേൽക്കണം. ചില പൊലീസുകാർ സല്യൂട്ട് അടിക്കാതിരിക്കാൻ തിരിഞ്ഞു നിൽക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യും. അവർക്കും സല്യൂട്ട് അടിക്കാൻ മാനസികമായ പ്രയാസമുണ്ട്. എംഎ ഒക്കെ കഴിഞ്ഞ് നല്ല വിദ്യാഭ്യാസത്തോടെ പൊലീസിൽ വരുന്നവരാണ് ഇവരിൽ പലരും. 


Source link

Related Articles

Back to top button