6000 കോടിയുടെ അഴിമതിക്കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ പരിശോധന

ന്യൂഡൽഹി ∙ 6000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തി. ബാഗേലിന്റെ റായ്പുരിലെയും ഭിലാലിലെയും വീടുകളിലും കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, ബാഗേലിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമ, ഐപിഎസ് ഓഫിസർമാരായ ആനന്ദ് ഛബ്ര, അഭിഷേക് പല്ലവ, ആരിഫ് ഷെയ്ഖ്, പ്രശാന്ത് അഗർവാൾ, പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ധ്രുവ് എന്നിവരുടെ വീടുകളിലുമായിരുന്നു പരിശോധന.ഛത്തീസ്ഗഡ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നാണു കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാഗേലിനു പുറമേ ആപ്പിന്റെ പ്രമോട്ടർമാരായ രവി ഉപ്പൽ, സൗരഫ് ചന്ദ്രാകർ, ശുഭം സോണി, അനിൽകുമാർ അഗർവാൾ എന്നിവരടക്കം 14 പേർക്കെതിരെയാണു സിബിഐ കേസ്. മഹാദേവ് ആപ് അഴിമതിയുമായി ബന്ധപ്പെട്ട് 70 കേസുകൾ സർക്കാർ സിബിഐക്കു കൈമാറിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്.വാതുവയ്പ് വെബ്സൈറ്റുകളുടെ കള്ളപ്പണം ബെനാമി അക്കൗണ്ടുകളിലൂടെ വെളുപ്പിക്കുന്നതിനുള്ള മറയായി മഹാദേവ് ആപ്പിനെ ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതേസമയം, കേസും പരിശോധനകളും രാഷ്ട്രീയപ്രേരിതമാണെന്നു ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. മദ്യ അഴിമതി കേസിലും ബാഗേലിന്റെ വസതികളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
Source link