കർഷക അറസ്റ്റ്: 28ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി ∙ മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തികളിൽ സമരം ചെയ്ത കർഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ 28ന് കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിക്കും. സംയുക്ത കിസാൻ മോർച്ച (എസ്കെഎം), സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു പ്രതിഷേധം. മരണം വരെ നിരാഹാര സമരം നടത്തുന്ന ജഗ്ജീത് സിങ് ധല്ലേവാൾ ഉൾപ്പെടെ അറസ്റ്റ് ചെയ്ത എല്ലാ കർഷകരെയും വിട്ടയയ്ക്കണമെന്നാണ് ആവശ്യം.ചണ്ഡിഗഡിൽ കേന്ദ്രമന്ത്രിയും സംഘവുമായുള്ള ചർച്ചയ്ക്ക് ശേഷം മടങ്ങുകയായിരുന്ന കർഷക നേതാവ് വയനാട് സ്വദേശി പി.ടി.ജോണിനെ അടക്കം പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്യാല സെൻട്രൽ ജയിലിൽ അടച്ച ഇവരെ 25ന് പുലർച്ചെ 12.30ന് മോചിപ്പിച്ച് ഡൽഹിയിലേക്കുള്ള ബസിൽ കയറ്റിവിട്ടു.സമരത്തിൽ 254 ദിവസം ജോൺ പങ്കെടുത്തിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകളുടെ ഏകോപന ചുമതലയായിരുന്നു. പിന്നീട് പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിലെ സമരത്തിലും സജീവമായി. സർക്കാരുമായി ചർച്ച നടത്തുന്ന സംഘത്തിലെ സ്ഥിരം പ്രതിനിധിയാണ്.
Source link