‘കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടത്, നേട്ടം ലോകത്തെ അറിയിക്കാൻ ആയില്ല; അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെ’

ബെയ്റൂട്ട് ∙ യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം യുഎസിലേക്കു പോകാനായിരുന്നു മന്ത്രിയുടെ പദ്ധതി. ‘‘യാത്ര അനുമതി ലഭിക്കാതെ ആയതോടെ കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടത്. പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ അംഗീകാരം രാജ്യത്തിനു കിട്ടുന്നത് ചരിത്രത്തിൽ ആദ്യമാണ്. സർക്കാർ സംരംഭത്തിനു ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാൻ ആയില്ല. പ്രബന്ധം ഓൺലൈനായി അവതരിപ്പിക്കാം. അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെ.’’ – പി.രാജീവ് പറഞ്ഞു.മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.രാജീവിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിലേക്കാണ് മന്ത്രി പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിങ്ടൻ ഡിസിയിലാണ് സമ്മേളനം.
Source link