KERALAM

ശാസ്ത്ര കോൺഗ്രസ് അശാസ്ത്രീയമായി : മുഖ്യമന്ത്രി

തിരുവനന്തപുരം:2015 മുതൽ ഇങ്ങോട്ട് പരിശോധിച്ചാൽ രാജ്യത്ത് ശാസ്ത്ര കോൺഗ്രസ്സുകളെല്ലാം അശാസ്ത്രീയ പ്രചാരണങ്ങളുടെ വേദിയായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി പ്രമുഖ ഗവേഷകർക്ക് നൽകുന്ന കൈരളി റിസർച്ച് അവാർഡുകൾ മസ്കോട്ട് ഹോട്ടലിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

. ശാസ്ത്ര,സാമൂഹ്യ,സാംസ്ക്കാരിക രംഗത്തെ ഗവേഷണ ഫലങ്ങൾ സൃഷ്ടിക്കുന്ന പുതിയ അറിവുകൾക്കനുസൃതമായാണ് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനാവശ്യമായ നയം രൂപീകരിക്കുന്നത്. പല വിദേശ രാജ്യങ്ങളും ജി.ഡി.പിയുടെ 3 ശതമാനം ഗവേഷണങ്ങൾക്കായി ചെലവഴിക്കുമ്പോൾ ഇന്ത്യ കേവലം 0.6 ശതമാനമാണ് ചെലവാക്കുന്നത്. രാജ്യത്തെ ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുകന്നയെ ലക്ഷ്യത്തോടെ നൽകി വന്നിരുന്ന നെഹ്റു സയൻസ് ഫെലോഷിപ്പ് കഴിഞ്ഞ 5 വർഷമായി നൽകിയിട്ടേയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ മേഖലകളിൽ സർക്കാർ സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കുമെന്നും സംസ്ഥാനത്ത് മൂന്ന് സയൻസ് റിസർച്ച് പാർക്കുകൾ കൂടി ഉടൻ വരുമെന്നും ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.

സോഷ്യൽ സയൻസ് വിഭാഗത്തിലെ അവാർഡ് പ്രൊഫ.കെ.പി മോഹനനും, ആർട്സ് ആന്റ് ഹ്യുമാനിറ്റീസ് വിഭാഗത്തിലേത് പ്രൊഫ.ബി.രാജീവനും,കൈരളി ഗവേഷക പുരസ്ക്കാരം ഡോ.ആർ.രാകേഷ്.ആർ, ഡോ.ടി.എസ്.പ്രീത,ഡോ.എസ്.അനസ്, ഡോ.സുബോധ്.ജി,ഡോ.സംഗീത.കെ പ്രതാപ്,ഡോ.സമീറ ഷംസുദ്ദീൻ,ഡോ.സുജേഷ് എ.എസ് എന്നിവരും ഏറ്രു വാങ്ങി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൽ സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button