KERALAMLATEST NEWS

ഏറ്റവും പുണ്യമായ ലൈലത്തുൽ ഖദ്‌ർ രാവ്

സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി | Thursday 27 March, 2025 | 1:45 AM

മാസങ്ങളിൽ ഏറ്റവും മഹത്തരമായത് റംസാനാണ്. റംസാനിലെ ഏറ്റവും വിശുദ്ധമായ രാവാണ് ലൈലത്തുൽ ഖദ്‌ർ (വിധി നിർണയ രാത്രി). വിശുദ്ധ ഖുർആൻ അവതരിച്ച രാവാണിത്. ലൈലത്തുൽ ഖദ്‌റിനെ പരാമർശിച്ച് അല്ലാഹു ഒരദ്ധ്യായം തന്നെ അവതരിപ്പിച്ചു. സൂറത്തുൽ ഖദ്‌ർ എന്ന അഞ്ച് സൂക്തങ്ങളുള്ള ഖുർആനിലെ 97-ാം അദ്ധ്യായം. പ്രസ്തുത സൂറത്തിന്റെ ആശയ സംഗ്രഹം: ”നിശ്ചയം, നാം ഖുർആനിനെ ലൈലത്തുൽ ഖദ്‌റിൽ അവതരിപ്പിച്ചു. ലൈലത്തുൽ ഖദ്‌ർ ആയിരം മാസങ്ങളെക്കാൾ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്രീൽ) അവരുടെ രക്ഷിതാവിന്റെ ആജ്ഞാനുസരണം സകല വിധികളുമായി ആ രാവിൽ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.””

വർഷത്തിലെ ഏറ്റവും പുണ്യരാത്രിയാണ് ലൈലത്തുൽ ഖദ്‌ർ. ഖദ്ർ‌ എന്നാൽ വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ് അർത്ഥം. ഈ വിധി നിർണായക രാത്രിയിലെ ആരാധന,​ ലൈലത്തുൽ ഖദ്‌‌ർ ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളേക്കാൾ ശ്രേഷ്ഠമാണ്. സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലത്തുൽ ഖദ്‌റിൽ ആരെങ്കിലും നിസ്‌കരിച്ചാൽ അവരുടെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വിശ്വാസിയെ സംബന്ധിച്ച് ഈ ദിവസം ഏറ്റവും പ്രധാനപ്പെട്ടതാണ്. തന്റെ രക്ഷിതാവായ അല്ലാഹുവിനോട് ആവശ്യമായതെല്ലാം ചോദിച്ചു വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം. ലൈലത്തുൽ ഖദ്‌റിൽ ഒരുവിശ്വാസി ചെയ്യേണ്ട ഏറ്റവും മഹത്തരമായ ആരാധനകളിലൊന്ന് പ്രർത്ഥനയാണ്.

ആവശ്യമുള്ളതെന്തും ചോദിക്കാനുള്ള സമയമാണ് റംസാൻ. അല്ലാഹു അത് സാധിച്ചു തരുമെന്നതിൽ സംശയിച്ച് നിൽക്കേണ്ടതില്ല. പ്രാർത്ഥനയാണ് അനുഗ്രഹങ്ങളുടെ താക്കോലെന്ന് ഇമാം സുയൂത്വി ജാമിഉ സ്വഈർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നത് കാണാം. അഥവാ അനുഗ്രഹം പൂട്ടപ്പെട്ടുകിടക്കുന്ന ഒന്നാണ്. പ്രാർത്ഥനയെന്ന താക്കോൽ കൊണ്ട് മാത്രമേ ആ പൂട്ട് തുറക്കാനാകൂ എന്നാണ് ഇതിന്റെ ഉദ്ദേശ്യം. ഉത്തരം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെ ചോദിക്കണം. ഉത്തരം കിട്ടിയില്ല എന്നോർത്ത് നിരാശപ്പെടരുത്.

ദുആ ചെയ്ത ഏതൊരാൾക്കും അല്ലാഹു ഉത്തരം നൽകും. എന്നാൽ ഈ ഉത്തരം ലഭിക്കലിന് വ്യത്യസ്ത രീതികളുണ്ട്. അഥവാ, ഫലം ദുനിയാവിൽ നിന്നുതന്നെ ലഭിക്കുക, പാരത്രിക ലോകത്തേക്കുമാറ്റുക, ദോഷം പൊറുക്കുക, ചോദിച്ചതല്ലാത്ത മറ്റു ഉപകാരമുള്ളതു നൽകുക, ആ സമയത്തോ ഭാവിയിലോ ലഭിക്കുക എന്നീ രീതിയിലെല്ലാം പ്രതിഫലം ലഭിക്കാവുന്നതാണ്. ദോഷം, കുടുംബ ബന്ധം മുറിക്കൽ എന്നിവയിൽ നിന്നു മുക്തമാവൽ പ്രാർത്ഥന സ്വീകരിക്കുന്നതിനുള്ള നിബന്ധനയാണ്.

വിശുദ്ധ റംസാനിലെ ലൈലത്തുൽ ഖദ‌്റിന്റെ ഈ പുണ്യരാവിൽ നാം ഉള്ളുതട്ടി റബ്ബിനോട് ചോദിക്കണം. അവന്റെ വിശാലമായ ഔദാര്യത്തിന് മുമ്പിൽ പർവത സമാനമായ നമ്മുടെ പ്രതിസന്ധികൾ ഒന്നുമല്ലല്ലോ. ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന റംസാൻ 27-ാം രാവിൽ മലപ്പുറം മഅ്ദിൻ അക്കാഡമിയിലെ സ്വലാത്ത് നഗറിൽ വിശ്വാസി ലക്ഷങ്ങളാണ് പ്രാർത്ഥന സമ്മേളനത്തിനായി ഒരുമിച്ചുകൂടുക.

(കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാഡമി ചെയർമാനുമാണ് ലേഖകൻ)


Source link

Related Articles

Back to top button