എസ്എസ്എ ഫണ്ട്: പിഎം ശ്രീയിൽ ചേർന്നില്ല; ഫണ്ട് വെട്ടിയത് ഭരണഘടനാവിരുദ്ധം

ന്യൂഡൽഹി ∙ കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി (എസ്എസ്എ) ഫണ്ട് തടഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പാർലമെന്ററി കമ്മിറ്റി വിമർശിച്ചു. പിഎം ശ്രീ പദ്ധതിയിൽ ചേർന്നില്ലെന്ന പേരിൽ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നു കമ്മിറ്റി വിലയിരുത്തി. കേരളം (420.91 കോടി), തമിഴ്നാട് (2151 കോടി), ബംഗാൾ (1745.80 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്കു മുന്നിൽ ‘പിഎം ശ്രീ’ എന്നു ചേർക്കണമെന്നാണു നിബന്ധനകളിലൊന്ന്. ഇതിനെ എതിർത്താണ് ഈ സംസ്ഥാനങ്ങൾ മാറിനിൽക്കുന്നത്. എസ്എസ്എ എന്നാൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടിയും പിഎം ശ്രീ വിദ്യാഭ്യാസനയ പ്രകാരമുള്ള മാതൃകാ സ്കൂൾ പദ്ധതിയുമാണെന്നും പദ്ധതിയിൽനിന്നു വിട്ടുനിൽക്കുന്നത് എസ്എസ്എയിൽനിന്നു വിട്ടുനിൽക്കുന്നതിനു തുല്യമാണെന്നും കേന്ദ്രം വാദിക്കുന്നു. എന്നാൽ, ഭരണഘടനയിൽ പറയുന്ന വിദ്യാഭ്യാസവകാശം നടപ്പാക്കാനുള്ള മാർഗമാണ് എസ്എസ്എ എന്നും അതിനെ ദേശീയ വിദ്യാഭ്യാസനയം ഉപയോഗിച്ചു മറികടക്കാൻ പാടില്ലെന്നും പാർലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി.
Source link