നോട്ടുകെട്ട് കണ്ടെത്തിയ രാത്രി പൊലീസിനെ തന്ത്രപൂർവം മടക്കി; ഇടപെട്ടത് ജഡ്ജിയുടെ പിഎ എന്നു വിവരം

ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ട് കണ്ടെത്തിയ രാത്രിയിൽ, തുടർനടപടികൾക്ക് അനുവദിക്കാതെ പൊലീസിനെ ജഡ്ജിയുടെ പഴ്സനൽ അസിസ്റ്റന്റ് മടക്കിയയച്ചെന്നു സൂചന. വീട്ടിലെ തീപിടിത്തമറിഞ്ഞ് സഫ്ദർജങ്ങിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾക്കു പുറമേ അഞ്ചംഗ പൊലീസ് സംഘവുമെത്തിയിരുന്നു. രാവിലെ വന്നാൽ മതിയെന്നു നിർദേശത്തോടെയാണ് പിഎ പൊലീസിനെ പറഞ്ഞുവിട്ടത്. അപ്പോഴേക്കും കണ്ടെടുത്തിരുന്ന നോട്ടുകെട്ടുകളുടെ വിഡിയോ പൊലീസ് പകർത്തിയിരുന്നു. ഇതാണ് പിന്നീട് ചീഫ് ജസ്റ്റിസിനും മറ്റും നൽകിയത്. സംഭവം നടക്കുമ്പോൾ ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു.പിറ്റേന്ന് രാവിലെ ചെന്നപ്പോഴും ‘പിന്നീട് വരൂ’ എന്നാണു പറഞ്ഞതെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഇതിനിടെ തീപിടിച്ചതടക്കമുള്ള നോട്ടുകെട്ടുകൾ പൂർണമായി നീക്കം ചെയ്യപ്പെട്ടിരുന്നു. ജഡ്ജിയുടെ ജീവനക്കാരുടെ അറിവോടെയാണോ പണം മാറ്റിയതെന്ന സംശയം മൂലം ഈ ദിശയിലും അന്വേഷണം നടക്കുന്നു. പിറ്റേന്ന് വൈകിമാത്രമാണ് സംഭവങ്ങൾ പൊലീസിന്റെ തലപ്പത്ത് അറിയുന്നത്. പൊലീസ് കമ്മിഷണർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരമറിയിക്കാൻ 17 മണിക്കൂർ വൈകിയെന്നു വിമർശനമുയർന്നിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ജഡ്ജിയുടെ വീട്ടിൽ പരിശോധന നടത്തി. ജസ്റ്റിസ് വർമ നിയമോപദേശം തേടിയെന്നും സൂചനയുണ്ട്. പ്രമുഖ അഭിഭാഷകരായ സിദ്ധാർഥ് അഗർവാൾ, മേനക ഗുരുസ്വാമി, അരുന്ധതി കാട്ജു, താര നരൂല എന്നിവർ ഇന്നലെ ജസ്റ്റിസ് വർമയെ വീട്ടിലെത്തി കണ്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിൽ സ്വീകരിക്കേണ്ട നിലപാട് അഭിഭാഷകരുമായി ജസ്റ്റിസ് വർമ ചർച്ച ചെയ്തെന്നാണു വിവരം.
Source link