‘അത് പുലി തന്നെ’; ചാലക്കുടിയിലെ വീട്ടുവളപ്പിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്, കൂട് സ്ഥാപിക്കും

തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് സിസിടിവിയിൽ കണ്ടത് പുലി ആണെന്നു സ്ഥിരീകരിച്ചത്. അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് 24ന് പുലർച്ചെ 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേ സമയം, പുലിയുടെ കാൽപ്പാടുകൾ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. നഗരനടുവിൽ പുലി ഇറങ്ങിയെന്നു സ്ഥിരീകരിച്ചതോടെ ജനം പരിഭ്രാന്തരാണ്. സംഭവത്തിനു പിന്നാലെ നഗരസഭയും വനം വകുപ്പും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും. നേരത്തെ കൊരട്ടി, ചിറങ്കര, മംഗലശ്ശേരി ഭാഗങ്ങളിൽ പുലിയെ കണ്ടത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. തുടർന്ന് രണ്ടുകൂടുകൾ പുലിയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിക്കുകയും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. പക്ഷേ, പത്ത് ദിവസത്തിനു ശേഷവും ആ ഭാഗത്തുനിന്ന് പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് വീണ്ടും നഗര മധ്യത്തിൽ പുലിയെ കണ്ടത് ആശങ്ക വർദ്ധിപ്പിക്കുന്നത്.
Source link