യുഎസ് വൈസ് പ്രസിഡന്റ് പങ്കെടുത്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു

വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണപദ്ധതി ചർച്ച ചെയ്യാൻ അമേരിക്കയിലെ ഉന്നതവൃത്തങ്ങൾ നടത്തിയ ഗ്രൂപ്പ് ചാറ്റ് പരസ്യമായി. സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ അവിചാരിതമായി ഒരു മാധ്യമപ്രവർത്തകനെയും ഉൾപ്പെടുത്തിയതാണു കാരണം. അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോരാത്തതിനാൽ സംഭവത്തിൽ വലിയ സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇതു സംഭവിച്ചത്. അറ്റ്ലാന്റിക് എന്ന മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ഇതിലേക്ക് ആഡ് ചെയ്യുകയായിരുന്നു. ഗോൾഡ്ബെർഗ് ലേഖനത്തിലൂടെ ഇക്കാര്യം പരസ്യമാക്കി. യെമനിലെ ആക്രമണലക്ഷ്യങ്ങൾ, ആക്രമണസമയം തുടങ്ങി ഒട്ടേറെ രഹസ്യവിവരങ്ങൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടതായി ഗോൾഡ്ബെർഗ് അറിയിച്ചു.
ഗ്രൂപ്പ് നിർമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം, ഗോൾഡ്ബെർഗിന്റെ നന്പർ തന്റെ ഫോണിൽ ഇല്ലെന്നും അദ്ദേഹം എങ്ങനെ ചാറ്റ് ഗ്രൂപ്പിൽ ചേർക്കപ്പെട്ടു എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വാൾട്സ് പറഞ്ഞു.
Source link