LATEST NEWS

ചരക്കുകപ്പൽ എവിടെ? അജ്ഞാത കേന്ദ്രത്തിൽ മലയാളി അടക്കം 10 ജീവനക്കാർ, ‘അറിയിക്കാം’ എന്ന മറുപടി മാത്രം


കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേർ അജ്ഞാതകേന്ദ്രത്തിലെന്നു വിവരം. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് അറിയുന്നത്. ബേക്കൽ പനയാൽ കോട്ടപ്പാറയിൽ താമസിക്കുന്ന കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35), തമിഴ്നാട് സ്വദേശികളായ പ്രദീപ്‌ മുരുകൻ, സതീഷ് കുമാർ സെൽവരാജ്, ബിഹാർ സ്വദേശി സന്ദീപ്കുമാർ സിങ്, ലക്ഷദ്വീപ് സ്വദേശി ആസിഫ് അലി, മഹാരാഷ്ട്ര സ്വദേശികളായ സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ എന്നിവരെയും 3 റുമാനിയ സ്വദേശികളെയുമാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായ മാരിടെക് ടാങ്കർ മാനേജ്മെന്റ് കമ്പനിയുടെ ചരക്കാണു കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിനെയും മറ്റു ജീവനക്കാരെയും കുറിച്ച് കൃത്യമായ വിവരങ്ങളില്ല. കമ്പനിയുമായി ബന്ധപ്പെടുമ്പോൾ ‘അറിയിക്കാം’ എന്ന മറുപടി മാത്രമാണു ലഭിക്കുന്നതെന്ന് രജീന്ദ്രന്റെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ ഇതുവരെ ഇന്ത്യൻ നാവികസേനയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. രജീന്ദ്രൻ കഴിഞ്ഞ സെപ്റ്റംബറിലാണ് കപ്പലിൽ ചീഫ് കുക്കായി ജോലിക്കു കയറിയത്. വൈകാതെ കരാർ അവസാനിച്ച് നാട്ടിലെത്താനിരുന്നതാണ്.


Source link

Related Articles

Back to top button