കേരളത്തിലെ റേഷൻകടകളിലും മലയാളികൾ ‘പറ്റിക്കപ്പെടുന്നു’? കണ്ടിട്ടും കാണാതെ ഉദ്യോഗസ്ഥർ

കോട്ടയം: സംഭരിക്കുന്ന നെല്ലിന് 22 കിലോ കിഴിവ് വരെ ആവശ്യപ്പെട്ട് കർഷകരെ പിഴിയുന്ന പല സ്വകാര്യമില്ലുകളും റേഷൻ കടകളിൽ വിൽക്കാനായി നൽകുന്നത് കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ ഗുണനിലവാരമില്ലാത്ത അരി. മില്ലുകളുടെ കമ്മീഷൻ പറ്റുന്ന ഉദ്യോഗസ്ഥർ നടപടി എടുക്കാനും തയ്യാറാകുന്നില്ല.
നൂറ്കിലോ നെല്ല് സംഭരിക്കുന്ന മില്ല് തിരിച്ച് 68 കിലോ അരി തിരിച്ച് നൽകണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ. ഇത് റേഷൻകടകളിലൂടെ വിൽക്കുന്നത് അനുസരിച്ചാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചതിനുള്ളകേന്ദ്ര ഫണ്ട് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അരി മിക്കമില്ലുകളും റേഷൻകടകൾക്ക് നൽകാറില്ല. ബ്രാൻഡഡ് അരിയായി ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ്. പകരം അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മോശം അരി റേഷൻ കടകൾക്കു നൽകും. ഇത് പരിശോധിച്ച് ഗുണനിലവാരമില്ലാത്ത അരിനൽകുന്ന മില്ലുകൾക്കെതിരെ നടപടി എടുക്കണമെന്നാണ് നിബന്ധനയെങ്കിലും മില്ലുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി കാരണം നടപടി ഉണ്ടാകാറില്ല. ‘കാലിത്തീറ്റ അരി’കഴിക്കാൻ റേഷൻ കാർഡുടമകൾ പ്രത്യേകിച്ചും ബി.പിഎല്ലുകാർ നിർബന്ധിതരാവുകയാണ്.
നിയമത്തിന്റെ മറവിൽ തട്ടിപ്പ്
നേരത്തേ എഫ്.സി.ഐ ഗോഡൗൺ വഴി മറ്റു സംസ്ഥാനങ്ങളിലെ അരിയായിരുന്നു കേരളത്തിലെ റേഷൻകടകളിൽ വിതരണം ചെയ്തിരുന്നത്. നെല്ല് സംഭരിക്കുന്ന മില്ലുകൾ അരിയാക്കി റേഷൻകടകൾക്കു തിരിച്ചു നൽകണമെന്ന നിയമം വന്നതോടെയാണ് തട്ടിപ്പ് കൂടിയത്.
കണ്ടിട്ടും കാണാതെ ഉദ്യോഗസ്ഥർ
നെല്ലിന് ഗുണനിലവാര കുറവ് ചൂണ്ടിക്കാട്ടി കോട്ടയത്തെ ഒരു പ്രമുഖ സ്വകാര്യമില്ല് കൂടുതൽ കിഴിവോടെ കർഷകരിൽ നിന്ന്എടുക്കുന്ന നെല്ല് ബ്രാൻഡഡ് അരിയായി പുറത്തു വിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റേഷൻ കട ഉടമകൾ നിരന്തരം പരാതിപെട്ടിട്ടും ഈ മില്ലിനെ കരിമ്പട്ടികയിൽ പെടുത്താതെ ‘ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്നോണം ‘ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണ്.
നേരത്തേ റേഷൻ കട ഉടമകളുടെ പ്രതിനിധികളടങ്ങുന്ന സമിതിയായിരുന്നു മില്ലുകൾ റേഷൻകടകൾക്കുനൽകുന്ന അരിയുടെ ഗുണനിലവാരം പരിശോധിച്ചിരുന്നത്. റേഷൻ കട ഉടമകളെ ഒഴിവാക്കി രാഷ്ടീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ള വിജിലൻസ് കമ്മിറ്റി രൂപീകരിച്ചതോടെ പരിശോധന വഴിപാടായി.
ശിശുപാലൻ, റേഷൻകട ഉടമ
Source link