KERALAM

സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി ലഭിക്കാൻ 13 വയസ് പൂർത്തിയാകണം,​ വ്യവസ്ഥകൾ പുതുക്കി സർക്കാർ‌

തിരുവനന്തപുരം: ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകളിൽ നിർണായകമായ പരിഷ്‌കാരങ്ങൾ വരുത്താൻ സർക്കാർ. പുതുക്കിയ വ്യവസ്ഥകൾ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ജോലി ലഭിക്കാൻ ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടാകണം. ഈ പ്രായപരിധി കഴിഞ്ഞവർക്ക് മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം ലഭിക്കും. എന്നാൽ ശാരീരികമോ മാനസികമോ ആയ ദൗർബല്യങ്ങളാൽ സർവീസിൽ തുടരാനാകാതെ വിരമിക്കുന്ന തരം ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അദ്ധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്‌ഡ‌ഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെടാൽ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിധവ/ വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ. ദത്തെടുത്ത മകൾ അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അങ്ങനെയും അതില്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും.

ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യൻ, ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർക്കും മുൻഗണനാ ക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ / ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) എന്നിവിടങ്ങളിലോ റെഗുലർ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അർഹതയില്ല. നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസ്സുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.

പൊതുഭരണ (സർവീസ‌സ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സർവീസസ്‌-ഡി) വകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും.

ഏകീകൃത സോ‌ഫ്‌റ്റുവെയറിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകൾ എന്നിവ പ്രസിദ്ധീകരിക്കും.

ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓ‌പ്‌റ്റ‌ഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകർ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രസ്തുത ലിസ്റ്റുകളിൽ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് കകക, ക്ലാസ് കഢ തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ് സർവീസുകളിലെ തസ്തികകളിലേയ്ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ലാസ് മൂന്ന്, ക്ലാസ് നാല്, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെയും ഒഴിവുകളുടെ നിർദിഷ്ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ടതാണ്. ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളിൽ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ട തസ്തികകൾ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ (സർവീസസ്‌-ഡി) വകുപ്പിന്റെ വെബ്സൈ‌റ്റിൽ പ്രസിദ്ധപ്പെടുത്തും.

ഹെഡ്ക്വാർട്ടറിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് മൂന്ന്, ക്ലാസ്സ് നാല് തസ്തികകളിൽ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്. അപേക്ഷകൻ 18 വയസ്സോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, അപേക്ഷകൻ 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിധവ/വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരന്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിജന്റ് സർവ്വീസിലെ ഫുൾടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല, അപേക്ഷകർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകുന്നതാണ്. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടു വന്നത്.


Source link

Related Articles

Back to top button