കുഞ്ഞ് ജനിച്ച സന്തോഷത്തിന് ലഹരിപാർട്ടി; പത്തനാപുരത്ത് 4 യുവാക്കൾ പിടിയിൽ

കൊല്ലം∙ കുഞ്ഞു ജനിച്ച സന്തോഷത്തിൽ പത്തനാപുരത്ത് ലഹരിപാർട്ടി നടത്തിയ തിരുവനന്തപുരം സ്വദേശികളെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തനാപുരത്തെ ലോഡ്ജിൽനിന്നാണ് 4 യുവാക്കളെ അറസ്റ്റു ചെയ്തത്. മുറിയിൽനിന്ന് രാസലഹരി ഉൾപ്പെടെ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിന്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണു ലഹരി പാർട്ടി സംഘടിപ്പിച്ചത്. ഇതിനായി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. 46 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ച്, എംഡിഎംഎ സൂക്ഷിക്കാനുള്ള പൊതികൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. ഇവർക്ക് രാസലഹരി നൽകിയ തിരുവനന്തപുരത്തുള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചു.
Source link