പ്ലസ് ടു പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവം, വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാം

മലപ്പുറം: പ്ലസ് ടു പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ അകാരണമായി ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തിൽ വിദ്യാർത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കുറ്റൂർ നോർത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസാണ് ഇൻവിജിലേറ്റർ അരമണിക്കൂർ പിടിച്ചുവച്ചത്. വിദ്യാർത്ഥിനിക്ക് സേ പരീക്ഷയായി എഴുതാമെന്നും ഇത് ആദ്യ പരീക്ഷയായി കണക്കാക്കാമെന്നും റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി എം അനിൽ പറഞ്ഞു.
വിദ്യാർത്ഥിനിയെ കാണാനെത്തിയതായിരുന്നു റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ. കുട്ടിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ അത് പരിഹരിക്കാനാണ് വീട്ടിലെത്തിയതെന്നും പി എം അനിൽ പറഞ്ഞു. കുട്ടിയോടും അമ്മയോടും സംസാരിച്ചു. സേ പരീക്ഷയോടൊപ്പം പരീക്ഷ എഴുതാം. കൂടുതൽ ആവശ്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്കണോമിക്സ് പരീക്ഷയുടെ ഉത്തരക്കടലാസാണ് കുട്ടിയിൽ നിന്ന് ഇൻവിജിലേറ്റർ വാങ്ങിവച്ചിരുന്നത്. ഈ സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇൻവിജിലേറ്ററിനെതിരെ നടപടി എടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്ന് കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Source link