KERALAMLATEST NEWS

ഒരു റേഷൻ കടയും പൂട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് റേഷൻ കടകളുടെ എണ്ണം 10,000 ആയി നിജപ്പെടുത്തണമെന്ന മൂന്നംഗ വകുപ്പുതല സമിതിയുടെ നിർദേശം സർക്കാർ നടപ്പിലാക്കില്ല. വേതന പരിഷ്‌കരണത്തിന്റെ പേരിൽ സംസ്ഥാനത്തെ ഒരു റേഷൻകട പോലും അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സംസ്ഥാനത്ത് 13,893 റേഷൻകടകളാണ് നിലവിലുള്ളത്. 15 ക്വിന്റലിന് താഴെ വിതരണം നടക്കുന്ന കടകളെ കെ -സ്റ്റോറുകളിലേക്ക് മാറ്റി വരുമാനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കടയുടകളുമായി ഭക്ഷ്യവകുപ്പ് ചർച്ച നടത്തും. കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും സർക്കാർ, അർധ സർക്കാർ,പൊതുമേഖലാ,സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉല്പന്നങ്ങൾ വിൽക്കുന്നതിനുമുള്ള അനുമതി നല്കുന്നത് പരിഗണിക്കാൻ യോഗം തീരുമാനിച്ചു.

ഒരു രൂപ സെസ്

മരവിപ്പിച്ചു

അതേസമയം റേഷൻ വ്യാപാരികളുടെ ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിന് ഏപ്രിൽ മുതൽ നീല, വെള്ള റേഷൻകാർഡുകാരിൽ നിന്ന് ഒരു രൂപ സെസ് പിരിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ എതിർപ്പിനെ തുടർന്ന് തത്കാലം മരവിപ്പിച്ചതായി ഭക്ഷ്യമന്ത്രി യോഗത്തെ അറിയിച്ചു.റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് സമിതി മുന്നോട്ടുവെച്ച നിർദേശങ്ങളിൽ കൂടുതൽ വ്യക്തത വേണമെന്നതിനാൽ ഇന്നലത്തെ ചർച്ചയിൽ ഈ വിഷയം പരിഗണിച്ചില്ല. റേഷൻ വ്യാപാരികൾ, സെയിൽസ്മാൻമാർ, കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കും.റിപ്പോർട്ടിന്മേലുള്ള രണ്ടാംഘട്ട ചർച്ച ഏപ്രിൽ 15ന് ശേഷം നടക്കും.

. യോഗത്തിൽ ജോണി നെല്ലൂർ, ടി.മുഹമ്മദലി, സിമോഹനൻ പിള്ള (ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ), അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ., ജി.ശശിധരൻ, ജോൺ.പി.ജെ., (കേരളാ റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), കെ.ബി. ബിജു, കാടാമ്പുഴ മൂസ, കെ.സി. സോമൻ, ടി.ഹരികുമാർ, കുറ്റിയിൽ ശ്യം, സുരേഷ് കാരേറ്റ് (കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ), എൽ.സാജൻ, എ.ഷെഫീക് (കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)) എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


Source link

Related Articles

Back to top button