വരുമോ എയർപ്രൈസ് ഗാർഡിയൻ? അമിത വിമാനടിക്കറ്റ് നിരക്കിന് പൂട്ടിടാൻ പുതിയ സംവിധാനം

ന്യൂഡൽഹി∙ അമിതമായ വിമാനനിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ/കൃത്രിമബുദ്ധി/നിർമിത ബുദ്ധി) അധിഷ്ഠിത പ്ലാറ്റ്ഫോം സജ്ജമാക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി. ‘എയർപ്രൈസ് ഗാർഡിയൻ’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം തത്സമയം വിമാനനിരക്കുകൾ വിലയിരുത്തണം. ഉപയോക്താക്കളുടെ പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഇതിലുണ്ടായിരിക്കണം. നിലവിൽ വ്യോമയാന ഡയറക്ടറേറ്റിനു (ഡിജിസിഎ) കീഴിലുള്ള സംവിധാനം തത്സമയം നിരക്കുകൾ നിരീക്ഷിക്കുന്നതിൽ കാര്യക്ഷമമല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. പഴയകാല ഡേറ്റ, ഡിമാൻഡ്, വിമാന ഇന്ധനച്ചെലവ്, സീസൺ എന്നിവ പരിഗണിച്ച് നിശ്ചിത സമയത്തെ നിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ എഐ സംവിധാനത്തിനു കഴിയണം. ഡൈനാമിക് നിരക്ക് പ്രവചിക്കാൻ കഴിയുന്നതിനാൽ മുൻകൂട്ടിയുള്ള നടപടികൾ അധികൃതർക്ക് ഉറപ്പാക്കാൻ കഴിയുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
Source link