KERALAMLATEST NEWS

എസ്‌എസ്‌എൽസി പരീക്ഷ അവസാനിച്ചു, കർശന നിയന്ത്രണവുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി പരീക്ഷ അവസാനിച്ചു. അവസാന ദിവസം അക്രമസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. വിദ്യാർത്ഥികൾക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാൻ എസ്‌എസ്‌എൽസി പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളെ നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

കുട്ടികൾ തമ്മിലുള്ള അടിപിടിയും അനിഷ്ടസംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനദ്ധ്യാപകർക്കും നിർദ്ദേശം നൽകിയിരുന്നു. സ്‌കൂൾ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളിലെത്താൻ എല്ലാ സ്‌കൂളിലെയും പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദ്ദേശം നൽകി. അമിത ആഹ്ലാദപ്രകടനം നടത്തി സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവ് രക്ഷിതാവിൽ നിന്നും ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചിരുന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും. എസ്‌എസ്‌എൽസിക്ക് സംസ്ഥാനത്തെ 2964 ഉം, ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫ്‌ മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. മാർച്ച് മൂന്നിനാണ് പത്താം ക്ളാസ് പരീക്ഷ ആരംഭിച്ചത്. സംസ്ഥാനത്ത് പ്ളസു പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു.

ഏപ്രിൽ മൂന്ന് മുതൽ 26വരെ 72 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ മൂന്നിന് ആരംഭിച്ച് 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് ആരംഭിച്ച് 26ന് അവസാനിക്കും. മൂല്യനിർണയ ക്യാമ്പുകളിലേക്ക് അഡീഷണൽ ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് പത്ത് മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.


Source link

Related Articles

Back to top button