കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു

മലപ്പുറം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും ആറ് കോടി രൂപയുടെ കള്ളപ്പണം ബിജെപിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം ഘട്ട അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അതേസമയം, കോടതി തീരുമാനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് താനെന്ന് സതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
2021 ഏപ്രിൽ മൂന്നിന് പുലർച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിൽ കൊടകര വച്ച് ഒരു സംഘം കാർ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നൽകിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയർന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു.
എന്നാൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണ് കോടികൾ വരുന്ന കുഴൽപ്പണമായി എത്തിച്ചതെന്ന് തിരൂർ സതീഷ് വെളിപ്പെടുത്തി. കുൽപ്പണം കൊണ്ടുവന്നവർക്ക് മുറി ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസിൽ 23 പേർ അറസ്റ്റിലായിരുന്നു. ശേഷം അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെയടക്കം ചോദ്യം ചെയ്തിരുന്നു. കവർച്ചാക്കേസിലാണ് അന്വേഷണം നടന്നതെന്നും അതിൽ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും പൊലീസ് പറഞ്ഞിരുന്നു.
Source link