HEALTH

ഭക്ഷണത്തിന്‌ ശേഷം അല്‍പം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? കാരണം ഇതാണ്


വയറില്‍ ഒരിഞ്ച്‌ ഇടമില്ലാത്ത തരത്തില്‍ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച ശേഷവും എന്തെങ്കിലും മധുരമുള്ളത്‌ കിട്ടുമോ എന്ന്‌ തിരക്കുന്നവരെ കണ്ടിട്ടില്ലേ. ഈ ഒരു തോന്നല്‍ പലര്‍ക്കും ഉണ്ടാകാറുള്ളതാണ്‌. നമ്മുടെ വയര്‍ നിറഞ്ഞെന്ന സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ്‌ മധുരം തേടി പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ. ഹെന്നിങ്‌ ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്‌ പഠനം നടത്തിയത്‌. പിഒഎംസി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ്‌ നമ്മുടെ ഭക്ഷണശേഷമുള്ള മധുരക്കൊതിക്ക്‌ പിന്നിലെന്ന്‌ സയന്‍സ്‌ ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.എലികളിലും ആരോഗ്യമുളള 30 മനുഷ്യരിലുമാണ്‌ പഠനം നടത്തിയത്‌. ഈ മധുരക്കൊതിക്ക്‌ പിന്നില്‍ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന്‌ ഡോ. ഹെന്നിങ്ങ്‌ പറയുന്നു. പ്രകൃതിയില്‍ അപൂര്‍വമായി മനുഷ്യര്‍ക്ക്‌ ലഭിച്ചിരുന്നതും എന്നാല്‍ പെട്ടെന്ന്‌ ഊര്‍ജ്ജം പ്രദാനം ചെയ്‌തിരുന്നതുമായ വിഭവമാണ്‌ മധുരം. അതിനാല്‍ എപ്പോള്‍ കിട്ടിയാലും കഴിക്കാന്‍ തോന്നുന്ന രീതിയിലാണ്‌ തലച്ചോര്‍ മധുരവിഭവങ്ങളെ കണക്കാക്കി വച്ചിരിക്കുന്നത്‌. ഇതാകാം മനുഷ്യരുടെ ഇനിയും മാറാത്ത മധുരത്തോടുള്ള ആസക്തിയുടെ പിന്നിലെന്ന്‌ കരുതപ്പെടുന്നു. അമിതമായ ഭക്ഷണം കഴിപ്പ്‌ നിയന്ത്രിക്കുന്നതിനുള്ള തെറാപ്പികളില്‍ അടക്കം പ്രയോജനപ്പെടുത്താവുന്നവയാണ്‌ പഠനത്തിലെ കണ്ടെത്തലുകള്‍.


Source link

Related Articles

Back to top button