BUSINESS

ഗോൾഡ് ഇടിഎഫിൽ പണപ്രവാഹം; സ്വർണവില കത്തിക്കയറും; പവൻ 80,000 രൂപയിലേക്ക്


കൊച്ചി ∙ റെക്കോർഡ് നേട്ടം കൈവരിച്ച ശേഷം പിൻവാങ്ങിയിരിക്കുകയാണെങ്കിലും സ്വർണ വിലയിലെ കുതിപ്പു തുടരുമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, കൺസൽറ്റൻസി മേഖലകളിലെ ആഗോള ഏജൻസികളുടെ ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര ബാങ്കുകൾ ഭീമമായ അളവിൽ നടത്തുന്ന സ്വർണ സമാഹരണവും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലേക്കുള്ള നിക്ഷേപകരുടെ പണപ്രവാഹവുമാണു കുതിപ്പിനു പിന്നിലെന്നാണു റിപ്പോർട്ടുകളിലെ നിരീക്ഷണം.രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1035 ഗ്രാം) 3000 ഡോളർ പിന്നിട്ടിരിക്കുന്ന വില 4,000 ഡോളറിലേക്കു വരെ ഉയർന്നേക്കാമെന്നു ഡബിൾലൈൻ എന്ന യുഎസ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സംരംഭം അനുമാനിക്കുന്നു. സിഡ്നി അസ്ഥാനമായുള്ള മക്വാറൈ ബാങ്ക് അനുമാനിക്കുന്ന നിരക്ക് 3,500 ഡോളറാണ്. സ്വിസ് ബാങ്കായ യുബിഎസ്, യുഎസ് ആസ്ഥാനമായുള്ള സിറ്റി എന്നിവ 3,200 ഡോളറാണു കണക്കാക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാൻഡ് വർധിക്കുകകൂടി ചെയ്താൽ ഡിസംബറോടെ വില 3,300 ഡോളറിലെത്താം എന്നു ഗോൾഡ്മാൻ സാക്സ് കരുതുന്നു. ഡാനിഷ് ബാങ്കായ സാക്സോ ബാങ്ക്, ലോകത്തെ ഏറ്റവും വലിയ കൺസൽറ്റൻസികളിലൊന്നായ ഡിവീർ എന്നിവയുടെ അനുമാനവും 3,300 ഡോളറാണ്. ആഗോള സാമ്പത്തിക പ്രവണതകളുടെ ഫലമായി സ്വർണ വില ഉയരാനുള്ള സാധ്യത വേൾഡ് ഗോൾഡ് കൗൺസിൽ ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘ഗോൾഡ് ഔട്‌ലുക് 2025’ റിപ്പോർട്ടിലും പ്രവചിച്ചിരുന്നു.


Source link

Related Articles

Back to top button