ഫീൽ ഗുഡ് എന്നു കരുതിയെങ്കിൽ തെറ്റി, വരുന്നത് ‘ദൃശ്യം’ പോലെ ത്രില്ലർ; ‘തുടരും’ ട്രെയിലർ

‘എമ്പുരാൻ’ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ ട്രെയിലറാണ് സർപ്രൈസ് ആയി ഓൺലൈനിൽ റിലീസ് ചെയ്തത്. വിന്റേജ് മോഹൻലാലിനെ മനോഹരമായി അവതരിപ്പിക്കുന്ന ട്രെയിലറിൽ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന ട്രെയിലർ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുന്നുണ്ട്.യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുന്നു.മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം കണ്ട ഏറ്റവും വലിയ റിലീസിനാണ് എമ്പുരാൻ സാക്ഷ്യം വഹിക്കുന്നത്. ‘തുടരും’ സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെൻസറിങ് പൂർത്തിയായ സ്ഥിതിക്ക് ഉടൻ തന്നെ സിനിമയുടെ റിലീസ് തീയതി ടീം അറിയിച്ചേക്കും.
Source link