LATEST NEWS

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ


ആലപ്പുഴ∙ ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ചു. രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22 വയസ്സുകാരിക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കുടുംബത്തിനൊപ്പം മൂന്നാറിൽ യാത്ര പോയി തിരിച്ചെത്തിയ യുവതിക്കു കടുത്ത പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചുപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലാണ് രോഗാണു കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ ചെള്ളു (മൈറ്റു) കളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.


Source link

Related Articles

Back to top button