വെടിയുണ്ട ‘വറുത്ത’ സംഭവം: വകുപ്പുതല നടപടിയുണ്ടാകും

കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അന്വേഷണോദ്യോഗസ്ഥനായ എറണാകുളം എ.ആർ ക്യാമ്പ് കമാൻഡന്റ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പു തല നടപടി തുടങ്ങിയതായി കമ്മിഷണർ അറിയിച്ചു.
എറണാകുളം എ.ആർ ക്യാമ്പിൽ ഈമാസം പത്തിനായിരുന്നു സേനയ്‌ക്ക് നാണക്കേടായ സംഭവം. ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുള്ള എസ്.ഐ സി.വി.സജീവിനാണ് അബദ്ധം പിണഞ്ഞത്.
ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ആകാശത്തേക്ക് വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയത്. ഇവ വെയിലത്തിട്ട് ഉണക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാരത്തിന് പെട്ടെന്ന് പോകേണ്ടതിനാൽ ക്ലാവ് പിടിച്ച വെടിയുണ്ട അടുക്കളയിൽ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Source link