ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ദുരന്തം ഉണ്ടാകും, നഗരത്തിനും അപകടം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് വിമാനത്തിന്റെ പാതയിൽ വട്ടമിട്ടു പറക്കുന്ന പക്ഷിക്കൂട്ടം. രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും പക്ഷിക്കൂട്ടത്തെ കാണാറുണ്ടെങ്കിലും ഇത്രയേറെ സാന്ദ്രതയേറിയത് ഇവിടെയാണെന്നാണ് പൈലറ്റുമാർ പറയുന്നത്. പക്ഷിക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തമുണ്ടാവുമെന്ന് എയർപോർട്ട് അതോറിട്ടി പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം പക്ഷിയിടി കാരണം 13മണിക്കൂറാണ് വൈകിയത്. ഒരുമാസത്തിനിടെ 5വിമാനങ്ങളിൽ പക്ഷിയിടിച്ചു.വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താൻ ‘ബേർഡ് ചേസേഴ്സ്’ എന്ന കരാറുകാരുണ്ട്. വർഷങ്ങളായി ഈ വെടിശബ്ദം കേട്ട് പക്ഷികൾക്ക് ഭയമില്ലാതായെന്നാണ് വിലയിരുത്തൽ.
വിമാനത്താവളത്തിനടുത്തെ മാലിന്യക്കൂമ്പാരം ഉടനടി മാറ്റണമെന്ന് വിമാനത്താവള നടത്തിപ്പുകാർ സർക്കാരിന് കത്തുനൽകിയിരുന്നു. എയർപോർട്ട് മതിലിനോട് ചേർന്നുള്ള തുറന്ന സ്ഥലവും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യക്കൂമ്പാരവുമാണ് പക്ഷികളെ ആകർഷിക്കുന്നത്. ഇറച്ചിഅവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്ത്,പ്രാവ്,കാക്ക,കൊക്ക്,മൂങ്ങ എന്നിവയുടെ കൂട്ടവും വിമാനങ്ങൾക്ക് ഭീഷണിയാണ്. പുലർച്ചെയാണ് മാലിന്യനിക്ഷേപം അധികവും. ഈ സമയത്താണ് ഭൂരിഭാഗം വിമാനസർവീസുകളും.
എല്ലാമാസവും പക്ഷിയിടി
പതിനായിരം സർവീസുകളിൽ ഒറ്റ പക്ഷിയിടി മാത്രമാണ് അനുവദനീയം. പത്തോളം പക്ഷിയിടിക്കൽ ഇവിടെ എല്ലാമാസവും ഉണ്ടാവുന്നു. പക്ഷിയിടിയുണ്ടായാൽ അപകടമായാണ് കണക്കാക്കുക. പലതലത്തിലുള്ള അന്വേഷണങ്ങളുണ്ടാവും. ഇതൊഴിവാക്കാൻ പൈലറ്റുമാർ പക്ഷിയിടിക്കൽ റിപ്പോർട്ട് ചെയ്യാറില്ല. എയർക്രാഫ്‌റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ തുറന്ന അറവുശാലകളോ മാംസവില്പന ശാലകളോ പാടില്ല. ഇത് പാലിക്കാത്തവർക്കെതിരെ കേസെടുക്കാം.
അപകടം വിളിച്ചുവരുത്തരുത്
വിമാനത്തിൽ പക്ഷിയിടിച്ചാൽ എൻജിൻ പ്രവർത്തനരഹിതമാവും. തീപിടിക്കാൻ സാദ്ധ്യത
ഡിജിറ്റൽ നിയന്ത്രണ സംവിധാനം തകരാറിലാവാം. നിയന്ത്രണം തെറ്റാനുമിടയുണ്ട്
ഒമാൻ എയർവേയ്സിൽ പരുന്തിടിച്ചപ്പോൾ ബ്രേക്കിംഗ് സംവിധാനം തകരാറിലായിരുന്നു
ബെഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാനം പക്ഷിയിടിച്ചതിനാൽ തിരിച്ചിറക്കേണ്ടിവന്നു
സിംഗപ്പൂർ വിമാനത്തിന് പക്ഷിയിടിച്ചതു കാരണം ഗുരുതരമായ യന്ത്രത്തകരാറുണ്ടായി
പാട്ന-ഡൽഹി വിമാനത്തിൽ പക്ഷിയിടിച്ചതിനു പിന്നാലെ തീപിടിച്ചത് അടുത്തിടെയാണ്
തിരുവനന്തപുരം വിമാനത്താവളത്തിൽ
വിമാനയാത്രക്കാർക്ക് മാത്രമല്ല, ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ താമസക്കാർക്കും പക്ഷിയിടി അപകടമുണ്ടാക്കുന്നതാണെന്ന് എൻവയൺമെന്റൽ കമ്മിറ്റി യോഗത്തിൽ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷിക്കൂട്ടത്തെ നിസാരമായി തള്ളരുതെന്നും അപകടമുണ്ടായ ശേഷമേ ഇതിന്റെ ഗൗരവം തിരിച്ചറിയൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Source link