ഇഡിക്ക് പിന്നാലെ സിബിഐയും; മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതികളിൽ റെയ്ഡ്

റായ്പൂർ ∙ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്. റായ്‌പുരിലെയും ഭിലായിലെയും ബാഗേലിന്റെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ഭൂപേഷ് ബാഗേലിന്റെ അടുത്ത അനുയായിയുടെയും വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനായി രൂപീകരിച്ച ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ യോഗത്തിനായി ഭൂപേഷ് ബാഗേൽ ഇന്ന് ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് റെയ്ഡ്. നേരത്തെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി ബാഗേലിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐയും എത്തിയത്.അശ്ലീല സിഡി കേസിലാണ് സിബിഐ റെയ്ഡ് എന്നും വിവരമുണ്ട്. കേസിൽ ഭൂപേഷ് ബാഗേലിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബാഗേലിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കാൻ മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു കേസ് അവസാനിപ്പിച്ചത്. ബെറ്റിങ് ആപ്പ് കേസിലും ഭൂപേഷ് ബാഗേൽ ആരോപണ വിധേയനാണ്.
Source link