ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പിതാവ്; ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങൾക്കും എതിരെ എഫ്ഐആർ

മുംബൈ ∙ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകനും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കെതിരെ പൊലീസ് എഫ്ഐആർ. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ റിയ ചക്രവർത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. ദിഷയുടെ പിതാവ് സതീഷ് സാലിയൻ നൽകിയ പരാതിക്കു പിന്നാലെയാണ് പൊലീസ് നടപടി. ആദിത്യ താക്കറെയ്‌ക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തിൽ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹർജി സമർപ്പിച്ചത്. മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണർക്കും ദിഷയുടെ പിതാവ് പരാതി നൽകി. നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് തുടങ്ങിയവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.ഏപ്രിൽ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിർണായക നീക്കം. ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റകൃത്യം ആസൂത്രിതമായി അട്ടിമറിക്കാൻ പൊലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് കൂട്ടുനിന്നെന്നുമാണ് ആരോപണം. മകൾക്കു നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതി നൽകിയ ശേഷം സതീഷ് പറഞ്ഞു.
Source link