KERALAM

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കുറ്റപത്രം നൽകി, ചെന്താമരയുടെ കൊടുവാളിൽ മരിച്ചവരുടെ ഡി.എൻ.എ

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്കെതിരെ ശക്തമായ തെളിവുകൾ.

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട സാക്ഷിയുടെ മൊഴിയും ഡി.എൻ.എ പരിശോധനാ ഫലവുമാണ് നിർണായകമായത്. ഇതുൾപ്പെടെ വിശദമാക്കുന്ന കുറ്റപത്രം ആലത്തൂർ കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. കേസിൽ ചെന്താമര മാത്രമാണ് പ്രതി.

സംഭവം നടന്ന് 58-ാം ദിവസമാണ് ആലത്തൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ചെന്താമര കോടതിയിൽ പലപ്പോഴായി ഉയർത്തിയ വാദങ്ങൾ പൂർണമായി തള്ളുന്നതാണ് കുറ്റപത്രം. അതിന്റെ തെളിവുകളും രേഖകളും ഹാജരാക്കിയിട്ടുണ്ട്. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേൽപ്പിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി ഗിരീഷ് മൊഴി നൽകിയിരുന്നു. കേസിൽ 132 സാക്ഷികളുണ്ട്. അന്വേഷണ ഘട്ടത്തിൽ സാക്ഷികൾ പലരും കൂറുമാറിയ സാഹചര്യത്തിൽ ഇവരുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി ചെന്താമര ഇടം കൈയൻ ആണെന്നും രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. 30 ലേറെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. ചെന്താമരയുടെ കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡി.എൻ.എ കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡി.എൻ.എയും കണ്ടെത്തി.

പ്രതിയുടെ ലുങ്കിയിൽ മരിച്ച സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെടുത്തു. ഇടം കൈയനായ പ്രതിക്ക് കൊടുവാൾ കൊണ്ട് ശക്തിയിൽ ആഞ്ഞു വെട്ടാനാകുമോ എന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും കുറ്റപത്രത്തിനൊപ്പമുണ്ട്. ഇടം കൈ കൊണ്ട് വെട്ടിയാലും മുറിവുണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം സമർപ്പിച്ചു.

കാരണം പക

കൊലയ്ക്കു കാരണം വ്യക്തിവിരോധവും പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയുമാണ്. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളംവച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നു.

തന്റെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്ന ചിന്തയും പകയുമാണ് 2019 ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്താൻ കാരണമായത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി സജിതയുടെ ഭർത്താവ് സുധാകരനെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നു.


Source link

Related Articles

Back to top button