‘ഡിഎംകെ മാത്രമാണ് ഏക ശത്രു’; ഡൽഹിയിൽ അമിത് ഷാ – ഇപിഎസ് ചർച്ച, തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പുനഃസ്ഥാപിക്കും?

ചെന്നൈ∙ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തിയതിനു പിന്നാലെ, തമിഴ്നാട് പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മണ്ഡല പുനർനിർണയ നീക്കത്തിൽ തമിഴ്നാട്ടിലെ സീറ്റ് കുറയ്ക്കരുതെന്ന് ആവശ്യപ്പെടാനും ദ്വിഭാഷാ നയ പ്രശ്നം ഉന്നയിക്കാൻ പോയതെന്നുമാണ് അവകാശവാദമെങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അമിത് ഷായുമായി എടപ്പാടി ചർച്ച നടത്തിയെന്നാണ് വിവരം.എടപ്പാടിക്ക് പിന്നാലെ മുതിർന്ന നേതാക്കളായ എസ്.പി. വേലുമണിയും പി. തങ്കമണിയും പിന്നാലെ ഡൽഹിയിലെത്തിയിരുന്നു. അടുത്തിടെ, വേലുമണി കോയമ്പത്തൂരിലെത്തിയ അമിത് ഷായെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. പാർട്ടി ആചാര്യനായ സി.എൻ. അണ്ണാദുരൈ, മുൻ മുഖ്യമന്ത്രി ജെ. ജയലളിത എന്നിവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അപഹസിച്ചെന്നും പാർട്ടി പ്രത്യയശാസ്ത്രത്തെ വിമർശിച്ചെന്നും ആരോപിച്ചാണ് 2023 സെപ്റ്റംബറിൽ അണ്ണാഡിഎംകെ എൻഡിഎ സഖ്യം വിട്ടത്. ബിജെപിയുമായി ഇനിയൊരു സഖ്യമില്ലെന്ന് ഏതാനും നാളുകൾ മുൻപുവരെ പാർട്ടി നേതാക്കൾ ആവർത്തിച്ചിരുന്നെങ്കിലും ഭരണകക്ഷിയായ ഡിഎംകെ മാത്രമാണ് ഏക ശത്രുവെന്നു പറഞ്ഞു കഴിഞ്ഞ ദിവസം എടപ്പാടി നിലപാട് മയപ്പെടുത്തി. സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ ബിജെപിയും തള്ളിയിട്ടില്ല. ഡിഎംകെയെ എതിർക്കുന്ന ആർക്കും മുന്നണിക്കൊപ്പം ചേരാമെന്നാണ് കെ. അണ്ണാമലെയുടെ പ്രതികരണം. സഖ്യം തീരുമാനമായ ശേഷം തമിഴ്നാട് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെയും പ്രഖ്യാപിക്കും. അണ്ണാമലെ തുടർന്നേക്കുമെന്നാണു സൂചന. ഇതിനു മുന്നോടിയായാണ് എടപ്പാടിയുമായി സമവായ ചർച്ച.
Source link