സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ ജ്യോതിയുടെ ടീം സ്റ്റെല്ലാര്‍ വിജയികൾ

കാഞ്ഞിരപ്പള്ളി: കോയമ്പത്തൂര്‍ സൊസൈറ്റി ഓഫ് റേസിംഗ് മൈന്‍ഡ്സ് സംഘടിപ്പിച്ച സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച് വീണ്ടും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് ടീം. കോളജ് കാമ്പസില്‍ വിദ്യാർഥികള്‍ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാര്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ വിദ്യാർഥികള്‍ നിര്‍മിക്കുന്ന വാഹന അവതരണവും വിവിധ ഘട്ടങ്ങളിലായി വൈവിധ്യമാര്‍ന്ന മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് എസ്ഇവിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സോളാര്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാമ്പ്യന്‍ഷിപ്പ്. മാര്‍ച്ച് 13 മുതല്‍ 17 വരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലും കാരി മോട്ടോര്‍ സ്പീഡ് വേ റേസ് ട്രാക്കിലും വച്ച് ദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യന്‍ഷിപ്പില്‍ റഷ് ഇന്‍ ഡെസ്ക് എന്ന വിഭാഗത്തിലാണ് ഇത്തവണ അമല്‍ ജ്യോതിയിലെ സ്റ്റെല്ലാര്‍ ടീം വിജയികളായത്. അവരുടെ മോട്ടോര്മാന് റിച്ചു തോമസ് 1.35 കിലോമീറ്റര്‍ ചുറ്റളവില്‍ 19 ലാപ്പുകള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി. എതിരാളികളേക്കാള്‍ നാല് ലാപ്പുകളുടെ ആധിപത്യം നേടി.
കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ.ഡോ.ആർ. അനീഷിന്റെയും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ. ഇന്ദു റീന വര്‍ഗീസിന്റെയും നേതൃത്വത്തില്‍, ആല്ബിന് ലാജി ( ടീം ക്യാപ്റ്റന്‍), അര്ജുന് മോഹന്‍, അഖില സിസിലി ചെറിയാന് (വൈസ് ക്യാപ്റ്റന്‍സ്), ഐബല്‍ ജോസഫ് (ടീം മാനേജര്‍), ജിതിന് ബൈജു, ഫെബിന് കെ. സാജന് (ടെക്നിക്കല്‍ ഹെഡ്സ് ), ആല്ബിന് എം. ജേക്കബ് (ഇലക്ട്രിക്കല്‍ ഹെഡ്) തുടങ്ങി 35 പേർ ചേര്‍ന്ന ടീമാണ് സോളാര്‍ വാഹന നിര്‍മാണം പൂര്‍ത്തിയാക്കിയത്. അമല്‍ ജ്യോതിയിലെ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് ടീം അംഗങ്ങള്‍. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളജ് മാനേജ്മെന്റ് അനുമോദിച്ചു. ചടങ്ങില്‍ കോളജ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന് ) റവ.ഡോ. റോയി ഏബ്രഹാം പഴയപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. റോഷന് കുരുവിള, ഓട്ടോമൊബൈല്‍ വിഭാഗം മേധാവി ഡോ.ജെ.പി. അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Source link