2025 വനിതാ ലോകകപ്പ് കാര്യവട്ടത്തും

മുള്ളൻപുർ (പഞ്ചാബ്): ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിൽ ഒന്നായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടംപിടിക്കും എന്നു സൂചന. ലോകകപ്പ് വേദികൾ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബിസിസിഐയോ ഐസിസിയോ ഇതുവരെ നടത്തിയിട്ടില്ല. തിരുവനന്തപുരം, വിശാഖപട്ടണം, റായ്പുർ, ഇൻഡോർ, മുള്ളൻപുർ എന്നിവിടങ്ങളിലായിരിക്കും 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുക എന്നാണ് വിവരം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26വരെയായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്നും സൂചനയുണ്ട്. ചണ്ഡിഗഡിലെ മുള്ളൻപുർ ഗ്രാമത്തിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയം ഫൈനലിന് ആതിഥേയത്വം വഹിക്കും. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നാണിത്. ഓപ്പണ്‍ എയർ ഗാലറിയാണെന്നതാണ് പ്രത്യേകത. തിരുവനന്തപുരം, മുള്ളൻപുർ, റായ്പുർ എന്നിവിടങ്ങളിൽ ഇതുവരെ വനിതാ രാജ്യാന്തര മത്സരങ്ങൾ അരങ്ങേറിയിട്ടില്ല.
ആതിഥേയരായ ഇന്ത്യക്കു പിന്നാലെ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് 2025 ഏകദിന ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. ഇനി രണ്ട് സ്പോട്ട് ഒഴിവുണ്ട്. പാക്കിസ്ഥാൻ യോഗ്യത നേടിയാൽ അവരുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക.
Source link