ബില്ലുകൾ പാസാക്കുന്നതിലെ കാലതാമസം; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് ഗവർണർക്കെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജികൾ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിനു കൈമാറണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് ചീഫ് ജസ്റ്റീസ് മുന്പാകെ സംസ്ഥാനത്തിന്റെ ആവശ്യം ഉന്നയിച്ചത്. സമാനവിഷയത്തിൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചായിരുന്നു പരിഗണിച്ചത്. വാദം കേൾക്കുന്നതിനിടെ ഗവർണർക്കെതിരേ രൂക്ഷ വിമർശനവും ബെഞ്ച് നടത്തിയിരുന്നു. വിഷയത്തിൽ അടിയന്തരവാദം കേൾക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
സംസ്ഥാന നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾ കഴിഞ്ഞദിവസം രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. 2021 ലെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കാൻ പാസാക്കിയ ബില്ലുമാണ് തിരിച്ചയച്ചത്. ബില്ലുകൾ തിരിച്ചയച്ച വിവരം രണ്ടു ദിവസം മുന്പാണ് സംസ്ഥാനസർക്കാർ അറിഞ്ഞതെന്നും കേരളത്തിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ബില്ലുകൾ തിരിച്ചയയ്ക്കുന്നതിലെ കാലതാമസവും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. അടിയന്തര വാദം അടക്കമുള്ള വിഷയം ഉൾപ്പെടുത്തി ചീഫ് ജസ്റ്റീസിന് ഒരു സ്ലിപ്പ് നൽകാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
Source link