പാരമ്പര്യത്തനിമയിൽ സ്ഥാനാരോഹണം

ബെയ്റൂട്ട്: സുറിയാനി സഭയുടെ പാരമ്പര്യത്തനിമകളോടെയാണ് ശ്രേഷ്ഠ കാതോലിക്കാബാവായായി മാര്‍ ബസേലിയോസ് ജോസഫ് സ്ഥാനമേറ്റത്. പരിശുദ്ധ പാത്രിയാര്‍ക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു ശ്രേഷ്ഠ കാതോലിക്കാ നല്കിയ ‘ശല്‍മോസ’ (ഉടമ്പടി) സ്വീകരിച്ച പാത്രിയാര്‍ക്കീസ് തിരികെ ‘സുസ്ഥാത്തിക്കോന്‍’ (അധികാരപത്രം) നല്കി. മദ്ബഹായില്‍ ഭക്തജനങ്ങള്‍ക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കായെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് ഉയര്‍ത്തിയപ്പോള്‍ “ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു” എന്നു മുഖ്യകാര്മികന് പ്രഖ്യാപിച്ചു. തുടര്‍ന്ന് “അവന് യോഗ്യന്‍ തന്ന” എന്നര്‍ഥമുള്ള ‘ഓക്സിയോസ്’ പാത്രിയാര്‍ക്കീസ് ബാവാ മുഴക്കിയപ്പോള്‍ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി. സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാര്മികന് ശ്രേഷ്ഠ കാതോലിക്കായ്ക്കു കൈമാറി. കാലം ചെയ്ത കാതോലിക്കാബാവാമാരുടെ അംശവടികളില്നിന്നു തെരഞ്ഞെടുത്ത ഒരെണ്ണമാണ് ആചാരപ്രകാരം അദ്ദേഹത്തിനു നല്‍കിയത്. സുറിയാനിസഭയുടെ പിന്തുടര്ച്ചാവകാശത്തിന്റെ പ്രതീകം കൂടിയാണിത്.
മന്ത്രിമാരുൾപ്പെടെ ഇന്ത്യൻ സംഘം ബെയ്റൂട്ട്: കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും സഭയിലെ പ്രമുഖരും വിശ്വാസികളുടെ പ്രതിനിധികളും കാതോലിക്കാബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷികളായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ മുൻ കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്, ബെന്നി ബഹനാന് എംപി, ഷോണ്‍ ജോര്‍ജ് എന്നിവരടങ്ങുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിസംഘം. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുപുറം എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
Source link