ഇമാമോഗ്ലുവിന്റെ അറസ്റ്റ്: തുർക്കിയിൽ പ്രതിഷേധം പടരുന്നു

ഇസ്താംബൂൾ: തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഓസ്ഗുർ ഓസൽ ഇസ്താംബൂൾ മേയർ ഇക്രം ഇമാമോഗ്ലുവിനെ ജയിലിൽ സന്ദർശിച്ചു. ഇമാമോഗ്ലുവിന്റെ ജയിൽമോചനത്തിനായി പ്രക്ഷോഭം നടക്കുന്നതിനിടെയാണു കൂടിക്കാഴ്ച. തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ പ്രധാന ശത്രുവായ ഇമമോഗ്ലു 19ന് അഴിമതിക്കേസിലാണ് അറസ്റ്റിലായത്. ഇസ്താംബൂൾ മേയറുടെ അറസ്റ്റ് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഇമാമോഗ്ലുവിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) അധ്യക്ഷൻ ഓസൽ ഇസ്താംബൂളിനു പടിഞ്ഞാറുള്ള സിലിവ്രി ജയിലിലെത്തിയാണ് സന്ദർശനം നടത്തിയത്. ഇമാമോഗ്ലുവിനു പകരം പാർട്ടി മറ്റൊരാളെ മേയർസ്ഥാനത്ത് നിയോഗിക്കുമെന്നും സർക്കാർ ഇടപെടൽ സാധ്യത ഒഴിവാക്കുമെന്നും ഓസ്ഗുർ ഓസൽ പറഞ്ഞു.
പ്രക്ഷോഭം ശക്തമായതോടെ മാധ്യമപ്രവർത്തകർക്കുമേൽ സർക്കാർ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്താംബൂളിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത എട്ടു മാധ്യമപ്രവർത്തകർ അറസ്റ്റിലായതായി മീഡിയ ആൻഡ് ലോ സ്റ്റഡീസ് അസോസിയേഷൻ പറഞ്ഞു. ഇസ്താംബുൾ, അങ്കാറ, ഇസ്മിർ എന്നിവിടങ്ങളിലും ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഇമമോഗ്ലുവിന്റെ മോചനത്തിനായി പ്രകടനം നടന്നു.
Source link