സംരംഭക വർഷത്തിൽ 3.51 ലക്ഷം വ്യവസായം

തിരുവനന്തപുരം: സംരംഭകവർഷം ആരംഭിച്ചശേഷം സംസ്ഥാനത്ത് 3.51 ലക്ഷം വ്യവസായങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി. രാജീവിന് വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. ഇതിൽ 1.11 ലക്ഷം വനിതാ സംരംഭങ്ങളാണെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. 40 ട്രാൻസ്ജെൻഡർ സംരംഭങ്ങളുമാരംഭിച്ചു. 22,526 കോടിയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിച്ചു. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംരംഭകസഭ പ്രവർത്തിക്കുന്നുണ്ട്. എട്ട് തദ്ദേശസ്ഥാപനങ്ങളിൽക്കൂടി 27നകം സംരംഭകസഭ രൂപീകരിക്കും.
33 പേർക്ക് സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള അനുമതി നൽകി. വ്യക്തികളുൾപ്പെടെ കുറഞ്ഞത് അഞ്ചേക്കറുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. സ്വന്തം സ്ഥലമുള്ളവർക്കും 30 വർഷമോ അതിലധികമോ കാലാവധിയുള്ള പാട്ടഭൂമിയുള്ളവർക്ക് ഡെവലപ്പർ പെർമിറ്റിനും അപേക്ഷിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കുള്ള ബിൽഡിംഗ് പെർമിറ്റിനായി ഏകജാലക സംവിധാനമൊരുക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിൽ പൊതുസൗകര്യങ്ങളൊരുക്കാൻ ഏക്കറിന് 30 ലക്ഷം നിരക്കിൽ മൂന്നുകോടി വരെ സർക്കാർ സഹായം നൽകും. സൗകര്യമൊരുക്കുന്ന മുറയ്‌ക്ക് റീ ഇംപേഴ്സ്‌മെന്റായാണ് തുക അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
കയർ മേഖലയിൽ വിറ്റുവരവ് 100.51 കോടി
കയർ മേഖലയിൽ 2024-25ലെ വിറ്റുവരവ് 100.51 കോടിയും സംഭരണം 111.34 കോടിയുമാണ്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ 1000 എണ്ണത്തെ നാല് വർഷത്തിനുള്ളിൽ 100 കോടി വിറ്റുവരവുള്ളതാക്കും. ഇതിനായി സ്‌കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് 292 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു. മിഷൻ 1000 പദ്ധതിയിൽ അപേക്ഷിക്കാൻ mission1000.industry.kerala.gov.in ഓൺലൈൻ പോർട്ടലുമുണ്ട്.
Source link