ത്രീ ലയണ്‍സ്…

ലണ്ടൻ: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിനു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് കെയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് 3-0നു ലാത്വിയയെ കീഴടക്കി. വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ റീസ് ജയിംസ് (38’), ഹാരി കെയ്ൻ (68’), എബെറെച്ചി എസെ (76’) എന്നിവർ ഇംഗ്ലണ്ടിനായി ഗോൾ സ്വന്തമാക്കി. റീസ്, എസെ എന്നിവരുടെ കന്നി രാജ്യാന്തര ഗോളാണ്. ഇതോടെ തോമസ് ടൂഹെലിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് കെയിൽ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. അൽബേനിയ, ലാത്വിയ ടീമുകൾ മൂന്നു പോയിന്റ് വീതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
2022നുശേഷം റീസ് ജയിംസ് ഇംഗ്ലണ്ടിനുവേണ്ടി ഇറങ്ങിയ ആദ്യ മത്സരമായിരുന്നു. 38-ാം മിനിറ്റിൽ ഉജ്വലമായ ഫ്രീകിക്കിലൂടെയായിരുന്നു റീസ് ലാത്വിയയുടെ വലകുലുക്കിയത്. സൈഡ് ബെഞ്ചിൽനിന്നെത്തിയ എസെ ഒറ്റയ്ക്കു മുന്നേറി എതിർ പ്രതിരോധത്തെ ഡ്രിബ്ബിൾ ചെയ്തായിരുന്നു ലക്ഷ്യം കണ്ടത്. മറ്റു മത്സരങ്ങളിൽ അൽബേനിയ 3-0ന് അൻഡോറയെയും റൊമാനിയ 5-1നു സാൻ മറിനൊയെയും പോളണ്ട് 2-0നു മാൾട്ടയെയും കീഴടക്കി. കരോൾ ഷ്വിഡെർസ്കിയുടെ (27’, 51’) ഇരട്ടഗോൾ ബലത്തിലാണ് പോളണ്ട് ഗ്രൂപ്പ് ജിയിൽ രണ്ടാം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പിൽ ആറു പോയിന്റുമായി പോളണ്ട് ഒന്നാം സ്ഥാനത്തുണ്ട്.
Source link