അവസാന ദിവസം ബഹളം, ബഹിഷ്കരണം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സ്‌പീക്കർക്ക് മുന്നിലെത്തി പ്രതിഷേധിച്ച് ബഹളത്തോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം.സർവകലാശാല നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗത്തിലെ പ്രയോഗം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. ചർച്ചയിൽ പങ്കെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് വാക്കുകളുടെ വയറിളക്കം (വെർബൽ ഡയേറിയ )ആണെന്ന പ്രസ്താവനയാണ് ബഹളത്തിന് കാരണമായത്. മന്ത്രിയുടെ പ്രസ്‌താവന രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും ആവശ്യപ്പെട്ടു.
തന്റെ മകന്റെ പ്രായമുള്ളയാളിന് തന്നെക്കുറിച്ച് പറയാമെങ്കിൽ തനിക്കും പറയാമെന്ന് മന്ത്രി പ്രതികരിച്ചു. നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേർത്താണ് പ്രസംഗിച്ചതെന്ന് ആവർത്തിക്കുകയും ചെയ്തു. ഇതോടെ ബഹളമായി. മൈക്ക് ഓഫായിരുന്ന സമയത്ത് ‘പോടാ ചെറുക്കാ’ എന്നാണ് മന്ത്രി പറഞ്ഞതെന്നും ഈ സ്ഥാനത്തിരിക്കാൻ മന്ത്രി യോഗ്യയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാസാക്കിയത് ഒമ്പത് ബില്ലുകൾ
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ആകെ സമ്മേളിച്ചത് 22 ദിവസം. ഒൻപത് ബില്ലുകൾ പാസാക്കി. 2024ലെ സംസ്ഥാന വയോജന കമ്മീഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു.
Source link