ഐപിഎൽ രണ്ടാം റൗണ്ട്; ആദ്യ ജയത്തിന് കെകെആർ v/s ആർആർ

ഗോഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശം രണ്ടാം റൗണ്ട് പോരാട്ടത്തിലേക്ക്. രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസും നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലെ ബർസാപര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇരുടീമും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ 2025 സീസണിൽ ആദ്യ പോയിന്റാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഏഴു വിക്കറ്റിനായിരുന്നു കെകെആറിന്റെ തോൽവി. പതിവുപോലെ സുനിൽ നരെയ്ൻ ടോപ് ഓർഡറിൽ ആക്രമണ ബാറ്റിംഗ് (26 പന്തിൽ 44) കാഴ്ചവച്ചെങ്കിലും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയായിരുന്നു (31 പന്തിൽ 56) കെകെആറിന്റെ ടോപ് സ്കോറർ. വന്പൻ പേരുകാരുടെ ഭാഗത്തുനിന്ന് (ആന്ദ്രെ റസൽ, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്) മികച്ച പ്രകടനം ഉണ്ടെങ്കിലേ കാര്യങ്ങൾ ഭദ്രമാകൂ. ബൗളിംഗിൽ കെകെആർ കാര്യമായി പുരോഗമിക്കേണ്ടതുണ്ട്. ഹർഷിത് റാണ കഴിഞ്ഞ സീസണിലെ ഫോമിന്റെ അയലത്ത് അല്ലായിരുന്നു. സ്പെൻസർ ജോണ്സണ്, ആൻറിച്ച് നോർക്കിയ, വൈഭവ് അറോറ എന്നിവർ ആത്മാർഥമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. സുനിൽ നരെയ്ൻ-വരുണ്‍ ചക്രവർത്തി സ്പിൻ ദ്വയമാണ് കെകെആറിന്റെ യഥാർഥ കരുത്ത്. റോയൽ ചലഞ്ചേഴ്സിനെതിരേ ഈ സഖ്യം ശോഭിച്ചില്ല. അതിന്റെ തിരിച്ചടി കെകെആർ നേരിട്ടു.
റിയാന്റെ ക്യാപ്റ്റൻസി മറുവശത്ത് സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിനു പകരം ആദ്യ മൂന്നു മത്സരങ്ങളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ 44 റണ്‍സിനു പരാജയപ്പെട്ടു. സണ്‍റൈസേഴ്സിന്റെ ആക്രമണകാരികളായ ബാറ്റർമാർക്കെതിരേ ഓപ്പണിംഗ് ബൗളിംഗിൽ മഹീഷ തീക്ഷണയെ ഉപയോഗിച്ചതും തുഷാർ ദേശ്പാണ്ഡെ, ജോഫ്ര ആർച്ചർ എന്നിവർക്കു പന്ത് നൽകാൻ വൈകിച്ചതുമെല്ലാം റിയാൻ പരാഗിനെതിരേ വിമർശനം ഉന്നയിക്കാൻ കാരണമായി. 37 പന്തിൽ 66 റണ്‍സ് നേടിയ സഞ്ജുവും 35 പന്തിൽ 70 റണ്‍സ് നേടിയ ധ്രുവ് ജുറെലും 23 പന്തിൽ 42 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറുമായിരുന്നു സണ്‍റൈസേഴ്സിന് എതിരേ ആർആറിനു വേണ്ടി ബാറ്റിംഗിൽ തിളങ്ങിയത്. എന്നാൽ, 286 റണ്‍സ് എന്ന ലക്ഷ്യത്തിനു 44 റണ്‍സ് അകലെവരെ രാജസ്ഥാൻ എത്തിയെന്നത് അവരുടെ ബാറ്റിംഗ് കരുത്തറിയിക്കുന്നു. ഫസർഹഖ് ഫറൂഖി, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ പേസ് യൂണിറ്റും മഹീഷ് തീക്ഷണയുടെ സ്പിന്നും കൂടുതൽ മൂർച്ചകൈവരിക്കേണ്ടിയിരിക്കുന്നു. അതുപോലെ റിയാൻ പരാഗ്, നിതീഷ് റാണ എന്നിവരുടെ ബാറ്റും.
Source link