LATEST NEWS

പ്രസ്താവന തെറ്റിദ്ധാരണ മൂലം; രസീതു വിവരം ചോർത്തിയത് ജീവനക്കാരല്ല: തിരുവിതാംകൂർ ദേവസ്വം


തിരുവനന്തപുരം∙ ശബരിമലയിലെ വഴിപാട് രസീതു സംബന്ധിച്ച നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീതു വിവരങ്ങൾ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി ഒരു അഭിമുഖത്തിൽ കഴിഞ്ഞദിവസം നടൻ മോഹൻലാൽ പരാമർശിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്.  ഒരു വഴിപാടിനു പണമടയ്ക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ മോഹൻലാൽ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണമടച്ച ആൾക്ക്  രസീതിന്റെ  ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.


Source link

Related Articles

Back to top button