അജിത് കുമാറിനെതിരായ അന്വേഷണം; റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം ചോദിച്ച് വിജിലൻസ്

തിരുവനന്തപുരം ∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കാൻ കോടതിയിൽ 45 ദിവസത്തെ സമയം ആവശ്യപ്പെട്ട് വിജിലന്‍സ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷിബു പാപ്പച്ചനാണു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ സ്വകാര്യഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാര പരിഗണിക്കവേയാണു വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്.അജിത് കുമാറിനെതിരെ ഹർജിക്കാരന്‍ ഉന്നയിച്ചതടക്കമുളള വിവിധ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷിക്കുകയാണെന്നു വിജിലന്‍സ് സംഘം കോടതിയെ ധരിപ്പിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ഡിസംബര്‍ 10ന് നല്‍കാന്‍ കോടതി വിജിലന്‍സിനോടു നിർദേശിച്ചു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും സ്വകാര്യ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കുക.നിലവില്‍ പി.ശശിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല. ഹര്‍ജിക്കാരനു നേരിട്ട് അറിവുള്ള കാര്യങ്ങളാണോ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുളളതെന്നും കോടതി ചോദിച്ചു. പി.വി.അന്‍വറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയതു പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ആരോപണങ്ങളെപ്പറ്റി കേട്ടറിവേയുള്ളൂ എന്ന ഹര്‍ജിക്കാരന്റെ മറുപടി കോടതിക്കു തൃപ്തികരമായില്ല.
Source link