‘ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പ്’: സ്വകാര്യ സർവകലാശാല ബിൽ പാസാക്കി

തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ് ബില്‍ എന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. നമ്മുടെ സര്‍വകലാശാലകളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷമാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു. വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് ബില്‍ തയാറാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് യാതൊരു തരത്തിലുള്ള നിയമവും സഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ലേലം വിളിക്കുന്ന നിലയില്‍ വിവിധ വിദ്യാഭ്യാസ ഏജന്‍സികളെ വിളിച്ചിരുത്തി നടത്തിയ പരിപാടിയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇതോടെ എതിര്‍പ്പുമായി പി.സി.വിഷ്ണുനാഥ് എംഎൽഎ രംഗത്തെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഉന്നതവിദ്യാഭ്യാസ സെമിനാറിനെയാണ് മന്ത്രി ലേലം വിളി എന്നു പറഞ്ഞതെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഇതോടെ മന്ത്രിയുടെ പരാമര്‍ശം രേഖയില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്‍ പാസാക്കി.ബില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലോകപ്രശസ്തമായ സര്‍വകലാശാലകളുടെ ക്യാംപസുകള്‍ സംസ്ഥാനത്തേക്കു വരുന്നുവെന്ന് ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തട്ടിക്കൂട്ടി സര്‍വകലാശാലകള്‍ ആരംഭിക്കരുതെന്നും രാജ്യാന്തര നിലവാരം ഉറപ്പാക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. നഗ്നമായ വിദ്യാഭ്യാസക്കച്ചവടത്തിനാണു കളമൊരുങ്ങുന്നതെന്ന് കെ.കെ.രമ പറഞ്ഞു. ബില്‍ പാസാക്കിയതിനു പിന്നാലെ എഐവൈഎസഫ് നടത്തിയ നിയമസഭാ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.
Source link