ലഹരിവസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കൊല്ലാൻ ശ്രമം, എഎസ്ഐക്ക് പരുക്ക്; പ്രതി പിടിയിൽ

വടക്കഞ്ചേരി (പാലക്കാട്)∙ ലഹരി വസ്തുക്കൾ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ കോട്ടയം കറുകച്ചാലിൽനിന്നു പൊലീസ് അറസ്റ്റു ചെയ്തു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം സ്വദേശിയായ പ്രതുൽ (20) ആണ് പിടിയിലായത്. പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.വടക്കഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ആലത്തൂർ കവശേരി പത്തനാപുരം ഉവൈസിന് (46) ആണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടുകൂടി വടക്കഞ്ചേരി ദേശീയപാതയിൽ ചെമ്മണാംകുന്നിന് സമീപമാണ് സംഭവം. ലഹരി വിൽപനയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് പ്രതി പൊലീസിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിൽ നിന്ന് പ്രതുലിനെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടന്ന് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഉവൈസിന്റെ കാൽപാദത്തിലൂടെ വണ്ടി കയറി. കാലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് രക്ഷപ്പെട്ട പ്രതിയെ എംഡിഎംഎയുമായി കറുകച്ചാൽ പൊലീസ് പിടികൂടിയത്.
Source link