കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതികൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു; തെരച്ചിൽ തുടരുന്നു

തൃശൂർ: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ പൊലീസിനെ കബളിപ്പിച്ച് രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.40ന് ആലപ്പുഴ സബ്‌ജയിലിൽ നിന്നും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷംവീട് കോളനിയിൽ വിനീത് (വടിവാൾ വിനീത്), കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എസ്‌കോർട്ട് വന്നിരുന്ന പൊലീസുകാരെ വെട്ടിച്ച് ചാടിപ്പോയത്. വേണാട് എക്‌സ്പ്രസിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ കേസിൽ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനിൽ നിന്ന് ഇറക്കുന്ന സമയത്ത് വിലങ്ങ് അഴിച്ചു. ഇതോടെ ഇവർ ട്രെയിനിന്റെ എതിർ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. രാഹുൽ ടീഷർട്ടും പാന്റും, വിനീത് വെള്ള ഷർട്ടും പാന്റും ആണ് ധരിച്ചിരുന്നത്.


Source link
Exit mobile version