‘പ്രശസ്തിക്കു വേണ്ടി അപമാനിക്കുന്നവരുടെ ‘യോഗ്യത’ എന്താണ്?’: കുനാല്‍ കമ്രയ്ക്കെതിരെ കങ്കണ

മുംബൈ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്നു വിളിച്ച സ്റ്റാന്‍ഡ് അപ് കൊമീഡിയൻ കുനാല്‍ കമ്രയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട്. വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണെന്ന് കങ്കണ ചോദിച്ചു. ‘‘ രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി ആളുകൾ മോശം പരാമർശങ്ങൾ നടത്തുമ്പോൾ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നമ്മൾ ചിന്തിക്കണം. നിങ്ങൾ ആരുമാകാം, പക്ഷേ ഒരാളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുപ്പോൾ മറ്റുള്ളവർക്ക് നിങ്ങളോടുള്ള ബഹുമാനമാണ് ഇല്ലാതാകുന്നത്. കോമഡിയുടെ പേരിൽ ജനങ്ങളെയും സംസ്കാരത്തെയും ദുരുപയോഗം ചെയ്യുന്നു. രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ്?’’ – കങ്കണ ചോദിച്ചു. കുനാല്‍ കമ്രയുടെ ഷോ നടന്ന ഹോട്ടലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയതിനെ ന്യായീകരിച്ച കങ്കണ, തന്റെ ബംഗ്ലാവ് പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്നും പറഞ്ഞു. ബാന്ദ്രയിലെ കങ്കണ റനൗട്ടിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗമാണ് അനധികൃതമാണെന്ന പേരിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുമാറ്റിയത്. അതേസമയം, കുനാല്‍ കമ്രയുടെ പരാമർശത്തിൽ പ്രതികരണവുമായി ഏക്നാഥ് ഷിൻഡെ രംഗത്തെത്തി. ‘‘തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാകും, എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്’’ എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉദ്ധരിച്ചു കൊണ്ട് ശിവസേന പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തതിനെ ഷിൻഡെ ന്യായീകരിച്ചു. ഉപമുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പുപറയില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും കുനാൽ ക്രമ പറഞ്ഞു.
Source link