മുഖത്തേയ്ക്കു വെള്ളമൊഴിച്ചു, ജാക്കറ്റിന്റെ കോളറിൽ കുത്തിപിടിച്ച് ഇടിച്ചു; കാനഡയിൽ ഇന്ത്യൻ യുവതിക്ക് നേരെ ആക്രമണം– വിഡിയോ

ഒട്ടാവ∙ കാനഡയിലെ കാൽഗറി റെയിൽവേ സ്റ്റേഷനിൽ ഇന്ത്യക്കാരിയെ യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ ആക്രമിക്കുന്നത് ചുറ്റുമുള്ള ആളുകൾ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഞായറാഴ്ചയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കാൽഗറിയിലെ സിറ്റി ഹാൾ/ബോ വാലി കോളജ് സ്റ്റേഷനിൽ നിൽക്കുന്ന യുവതിയുടെ കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി, മുഖത്തേക്ക് വെള്ളം ഒഴിച്ചു. തുടർന്ന് യുവതിയുടെ ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ച് ട്രാൻസിറ്റ് ഷെൽട്ടറിന്റെ ചുമരുകളിൽ ചേർത്തുനിർത്തി ആവർത്തിച്ച് ഇടിച്ചു. ഫോൺ നൽകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ബ്രെയ്‌ഡൺ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നയാളാണ് യുവതിയെ ആക്രമിച്ചത്. യുവതിക്കു നേരെയുണ്ടായ അതിക്രമം കണ്ടുകൊണ്ടിരുന്ന ആളുകൾ ആരും അക്രമിയെ പിടിച്ചുമാറ്റാനോ യുവതിയെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ‘കാനഡയിലേക്കു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഈ വിഡിയോ കാണണം’ തുടങ്ങിയ കമന്റുകളും വിഡിയോയ്ക്കു താഴെ കാണാം.
Source link