കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്, പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാർക്ക് കാശ് നൽകി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സമരപ്പന്തലിൽ. സഹായിക്കാൻ കഴിയാത്തവൻ സഹതപിച്ചിട്ട് കാര്യമില്ലെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ട്. വെറുതെ ഇവിടെ വന്നിട്ട് കാര്യമില്ല. ഇപ്പോൾ അമ്പതിനായിരം രൂപ നൽകുന്നുവെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ശമ്പളം ഏഴായിരം രൂപ എന്നത് ചെറിയ പൈസയാണ്. അത് പതിനായിരമെങ്കിലും ആക്കണം. ഏഴായിരം രൂപ പോലും ഇവർക്ക് മര്യാദയ്ക്ക് ലഭിക്കുന്നില്ല. ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തിട്ടില്ലെങ്കിൽ 700 രൂപയോ മറ്റോ കട്ട് ചെയ്യും. കൊവിഡ് കാലത്ത് ഈ പാവപ്പെട്ട ആശാ വർക്കർമാരുടെ കഷ്ടപ്പാട് ഏഴായിരത്തിലോ പതിനായിരത്തിലോ വിലമതിക്കാനാകില്ല. അതിനിവർക്ക് എന്തെങ്കിലും എക്‌സ്‌ട്രാ കൊടുത്തിരുന്നോ? എന്ത് കാര്യം വന്നാലും അങ്കണവാടിയിലുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു.
ശമ്പളത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുണ്ടാക്കുന്നു. അനുഭാവപൂർവം ധനകാര്യവകുപ്പ് അർഹതപ്പെട്ടത് കൊടുക്കണം. ബാക്കി സർക്കാരാണ് ചെയ്യേണ്ടത്. അതെന്റെ കൺട്രോളിൽ വരുന്നതല്ല. എന്റെ കൺട്രോളിൽ വരുന്നത് ഇതാണ്, നിങ്ങൾക്ക് സമരസഹായ ഫണ്ടോ മറ്റോ ഉണ്ടോ? നമ്മൾ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ?
എനിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ. ഉദ്ഘാടനങ്ങൾക്കോ മറ്റോ പോകുമ്പോൾ കിട്ടുന്ന ചെറിയ പൈസയുണ്ട്. ഇപ്പോൾ രണ്ടുമൂന്ന് പരിപാടിയുടെ അമ്പതിനായിരം രൂപ എന്റെ കൈയിലുണ്ട്. അത് ഞാൻ ഇപ്പോൾ തരാം.’- അദ്ദേഹം പറഞ്ഞു.
Source link