ഈ മസാജിംഗ് കേന്ദ്രങ്ങളിൽ നടക്കുന്നത് പരസ്യമായ രഹസ്യം; ഒത്താശ ചെയ്യുന്നത് പൊലീസ്? നടപടിയില്ല

വർക്കല: മാനസിക സമ്മർദ്ദവും പിരിമുറുക്കവും വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ഇവയിൽനിന്ന് ആശ്വാസം തേടുന്നതിനായി ആയുർവേദ സ്പാ സെന്ററുകളെ ആശ്രയിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ സാദ്ധ്യത വളരെയധികം പ്രയോജനപ്പെടുത്തി വർക്കല വിനോദസഞ്ചാര മേഖലയിൽ കൂണുകൾ പോലെയാണ് സ്പാകളും മസാജിംഗ് സെന്ററുകളും പ്രവർത്തിക്കുന്നത്.
പാപനാശം നോർത്ത്-സൗത്ത് ക്ലിഫുകൾ കേന്ദ്രീകരിച്ചും വർക്കല ക്ഷേത്രം-മാന്തറ-കാപ്പിൽ പ്രദേശങ്ങളിലും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആയുർവേദ-മസാജിംഗ് സെന്ററുകൾ നിരവധിയുണ്ട്. ഇവയിൽ ഒട്ടുമിക്കതും അനധികൃത സ്ഥാപനങ്ങളാണ്. ആവശ്യമായ ലൈസൻസോ മറ്റ് നിബന്ധനകളോ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്വകാര്യ സംരംഭങ്ങളിലൂടെ വിദേശസഞ്ചാരികൾ ഉൾപ്പെടെ ചൂഷണത്തിന് വിധേയരാകുന്നു.
സ്പാ,മസാജിംഗ് സെന്ററുകളിൽ സ്വാകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ ഇവയ്ക്ക് ചുറ്റുമുള്ള നിഗൂഢതകളും പുറംലോകം ശ്രദ്ധിക്കാതെ പോകുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പരാതികളായി പൊലീസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ മാത്രമാണ് നടപടി.
ലഹരിമാഫിയയ്ക്ക് ഒത്താശ
വർക്കല ക്ഷേത്രം, പാപനാശം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നചില സ്ഥാപനങ്ങളിൽ ഉടമയെ പോലെ തന്നെ ലാഭവിഹിതം കൈപ്പറ്റുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും ഇവർ ലഹരിമാഫിയയ്ക്ക് ആവശ്യമായ ഒത്താശകൾ ചെയ്തു കൊടുക്കുന്നതായും നാട്ടുകാർ പറയുന്നു. ഇത്തരം ആരോപണങ്ങളിൽ വസ്തുത ഉണ്ടോയെന്ന് ഉന്നതാധികാര കേന്ദ്രങ്ങൾ അന്വേഷിക്കേണ്ടത് അനിവാര്യമാണ്. ലഹരി വിപത്തിനെ നേരിടുന്നതിന് സാദ്ധ്യമായ എല്ലാ മാർഗങ്ങളും പൊലീസ് അവലംബിക്കണം.
എണ്ണവും പരിശോധനയുമില്ല…
വർക്കല വിനോദസഞ്ചാര മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പാകളുടെയും മസാജിംഗ് സെന്ററുകളുടെയും വിശദമായ ഡാറ്റയോ എണ്ണമോ അധികൃതർക്ക് ലഭ്യമല്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ചില റിസോർട്ടുകളിലും ഹോംസ്റ്റേകളിലും അനുബന്ധ സേവനമായി മസാജിംഗ് ലഭ്യമാണ്. ഏകദേശം നൂറിലധികം സ്ഥാപനങ്ങൾ ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നു. മയക്കുമരുന്നിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളാണ് ഇവയിൽ പലതുമെന്നത് പരസ്യമായ രഹസ്യമാണ്. ലഹരിലഭ്യതയും ഉപഭോഗവും ഉൾപ്പെടെ ചോദ്യം ചെയ്യപ്പെടേണ്ട കുറ്റകൃത്യങ്ങൾ തഴച്ചുവളരുന്ന ഇടങ്ങളായി ഇതിനകം മാറിക്കഴിഞ്ഞ ഇത്തരം ചില കേന്ദ്രങ്ങൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്.
Source link