KERALAMLATEST NEWS

ലണ്ടനിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം കൈകൊട്ടിയോടി മമതാ ബാനർജി, വീഡിയോ വൈറലാവുന്നു

ലണ്ടൻ: ലണ്ടനിലെ പാർക്കിൽ സുരക്ഷാ സംഘത്തോടൊപ്പം ജോഗിംഗ് ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദൃശ്യങ്ങൾ വൈറലാവുന്നു. ലണ്ടനിലെ ഹൈഡി പാ‌ർക്കിൽ വെള്ളസാരിയും സ്ളിപ്പർ ചെരിപ്പുകളും ജാക്കറ്റും അണിഞ്ഞ് മമതാ ബാനർജി ജോഗിംഗ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്.

‘ഇന്ന് നടത്തമല്ല, വാം അപ്പ് ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മമതാ ബാനർജി ചെറിയ വേഗതയിൽ ഓടുന്നതും പിന്നോട്ട് നടക്കുന്നതും കൈകൊട്ടുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

2023ൽ സ്‌പെയിനിലെ സന്ദർശനത്തിനിടെ മമതാ ബാനർജി വെള്ള സാരിയും സ്ളിപ്പർ ചപ്പലുകളും അണിഞ്ഞ് ജോഗിംഗ് ചെയ്തതിന്റെ ദൃശ്യങ്ങളും മുൻപ് വൈറലായിരുന്നു. ബംഗാളും ബ്രിട്ടണും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക സന്ദർശനത്തിനായി ബംഗാൾ മുഖ്യമന്ത്രി ഞായറാഴ്‌ചയാണ് ലണ്ടനിലെത്തിയത്.

‘ഞങ്ങൾ ലണ്ടനിലെത്തിയപ്പോൾ കൊൽക്കത്ത പോലെയുള്ള ഒരു നഗരം കണ്ടു. വർത്തമാനകാലത്തെ ആലിംഗനം ചെയ്തുകൊണ്ട് പഴയകാല ചരിത്രത്തെ വഹിക്കുന്ന നഗരം. ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് ലണ്ടന്റെ കാലാതീതമായ ഗാംഭീര്യത്തിൽ മുഴുകാൻ തീരുമാനിച്ചു. ഈ നഗരം ചരിത്രത്തെയും പരിണാമത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു പഴയകാല ചാരുത പ്രസരിപ്പിക്കുന്നു. ബംഗാളിന്റെ അതേ മൂല്യങ്ങളും നഗരം ചേർത്തുപിടിക്കുന്നു’- എന്നാണ് ലണ്ടനിൽ എത്തിയതിനുശേഷം മമത ബാനർജി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.


Source link

Related Articles

Back to top button