ബംഗ്ലാദേശിൽ വീണ്ടും അട്ടിമറിക്ക് സാദ്ധ്യത; പിന്നിൽ ഹസീനയോ? നിർണായക യോഗം വിളിച്ച് സൈന്യം

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെ പുറത്താക്കി സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. വാക്കർ ഉസ് സമാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു. ഇത് വരും ദിവസങ്ങളിൽ രാജ്യത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രധാന സംഭവവികാസങ്ങളുടെ തുടക്കമാണെന്നാണ് പറയപ്പെടുന്നത്.
അഞ്ച് ലെഫ്റ്റനന്റ് ജനറൽമാർ, എട്ട് മേജർ ജനറൽമാർ (ജിഒസി), ഇൻഡിപെൻഡന്റ് ബ്രിഗേഡുകളുടെ കമാൻഡിംഗ് ഓഫീസർമാർ, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ പതനത്തിനുശേഷമാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്. എന്നാൽ ഈ സർക്കാരിനെ ജനങ്ങൾ വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇതോടെയാണ് അധികാരം സൈന്യം പിടിച്ചെടുക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ മുഹമ്മദ് യൂനുസിനെതിരെ അട്ടിമറി നടത്താനോ സൈന്യം പ്രസിഡന്റിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിവരം. സൈന്യത്തിന്റെ നേതൃത്വത്തിൽ ഒരു ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനുളള സാദ്ധ്യതയും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി നേതാക്കളും സൈന്യത്തിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. ഇത് സൈന്യത്തിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
Source link